11/11/14

രാഗം, മാംസനിബദ്ധമാണ് - പി.എസ്. രാധാകൃഷ്ണന്‍



                                          ‘ലീ ല’ പ്രസിദ്ധീകരിക്കുമ്പോള്‍ (1914) കുമാരനാശാന്‍ വിവാഹിതനായിരുന്നില്ല. ഗാര്‍ഹസ്ഥ്യം ആശാനെപ്പോഴും ഒരു സമസ്യയായിരുന്നു. ഉത്തരങ്ങളില്ലാത്ത പ്രശ്നമഞ്ജരിയെന്നപോലെ തിരഞ്ഞെടുപ്പുകളില്ലാത്തതിന്‍െറ അസ്വസ്ഥത കവിതയിലുണ്ട്. ഗാര്‍ഹസ്ഥ്യവും സന്ന്യാസവുമായുള്ള മുഖാമുഖത്തിന്‍െറ തിരശ്ചീനരേഖകള്‍ ‘നളിനി’ (1911)യിലൂടെ ‘ലീല’യിലേക്ക് വ്യാപിക്കുന്നുണ്ട്. വിവാഹത്തിന് മുമ്പ് (1092 കര്‍ക്കടകം 28) അനുഗ്രഹാശിസ്സുകള്‍ ചോദിച്ച് ശ്രീനാരായണഗുരുവിന് നാല് സംസ്കൃത ശ്ളോകങ്ങള്‍ ആശാന്‍ എഴുതി അയക്കുന്നുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്:



‘‘രുചി ചഞ്ചലമാകയാല്‍ ഒന്നില്‍ത്തന്നെ എന്നും ഉറച്ചുനില്‍ക്കാത്തതുകൊണ്ടും മറ്റനേകം കാരണങ്ങളാലും പ്രിയ ഗുരോ, ഞാന്‍ ശിവകരമായ ഗൃഹസ്ഥാശ്രമം ആചരിക്കാന്‍ തുടങ്ങുന്നു. അങ്ങയെ ആശ്രയിക്കുന്നവര്‍ക്ക് നിരാശ്രയമായ ബ്രഹ്മചര്യാശ്രമവും നാലാമത്തെ സന്ന്യാസാശ്രമവും മാത്രമല്ലല്ളോ ആശ്രയമായിട്ടുള്ളത്...’’
 ഇതര ശ്ളോകങ്ങളെ അപേക്ഷിച്ച് ഇത് ആത്മവത്തയിലെ അടക്കാനാവാത്ത പരിണതികളെ സ്പര്‍ശിക്കുന്നുവെന്നതാണ് ഈ ശ്ളോകത്തിനുള്ള പ്രാധാന്യം. ഗൂഢവും അഗൂഢവുമായ പ്രതലം ശ്ളോകഘടനക്കുണ്ട്. മനുഷ്യന്‍െറ (അഭി)രുചി ചഞ്ചലമാണെന്നതാണ് ഗാര്‍ഹസ്ഥ്യം സ്വീകാര്യമായതിലെ യുക്തി. എന്നാല്‍, രുചിയുടെ ഉള്ളടക്കം വ്യക്തമല്ല. അതിലും നിഗൂഢമാണ് ‘മറ്റനേകം കാരണങ്ങളെ’ന്ന പരാമര്‍ശം. വക്താവിന്‍െറ കാമനാവീചികള്‍ക്കുള്ളിലാണ് ഗാര്‍ഹസ്ഥ്യത്തിന്‍െറ പ്രേരണകള്‍ അടക്കം ചെയ്തിരിക്കുന്നത്. അവയുടെ അലയകലത്തിനുള്ളില്‍ സ്തോത്രരചനകളും വിചിത്രവിജയം, പ്രബോധചന്ദ്രോദയം എന്നീ നാടകങ്ങളും പത്രാധിപക്കുറിപ്പുകളും മുഖവുരകളുമെല്ലാം ഉള്‍പ്പെടുത്തുന്നു. വിവാഹബന്ധവും ആത്മാവിന്‍െറ ‘ശുദ്ധി’യും എങ്ങനെ ഒത്തുപോകുമെന്ന സംഘര്‍ഷം മറ്റൊരു ശ്ളോകത്തിലുണ്ട്. അപവാദഭയത്തോട് കൂട്ടിച്ചേര്‍ത്ത് സംഘര്‍ഷസ്ഥാനങ്ങളെ ലഘുവാക്കാനും ശ്രമമുണ്ട്. ഗുരുഭക്തി മാറ്റിനിര്‍ത്തിയാല്‍ കവിയുടെ വ്യക്തിബോധവും അതിലേറെ കര്‍തൃബോധവും പ്രകടമാക്കുന്നതാണ് കത്തിന്‍െറ ഉള്ളടക്കം. കത്തില്‍ തുടങ്ങുന്നതോ അതില്‍ തന്നെയവസാനിക്കുന്നതോ അല്ല ആശാന്‍െറ വ്യഥകള്‍. ഐഹികവും ആപേക്ഷികവുമായി കരുതിയിരുന്ന രതിയും രാഗവും സക്തിയുമൊക്കെ കവിജീവിതത്തില്‍ ചോദ്യചിഹ്നങ്ങളായി മാറുകയായിരുന്നു. സ്തോത്ര രചനാകാലത്തുതന്നെ കാവ്യാഖ്യാനം ഭൗതികാസ്പദങ്ങളെ അനുനയിപ്പിക്കുന്നുണ്ട്. ‘പൂര്‍വാശ്രമ’ത്തില്‍ ബീഭത്സത്തിലും ഭയാനകത്തിലുമാണ് സ്ത്രീശരീരത്തെ നിര്‍വചിക്കുന്നുവെന്നത് വിചിത്രമായിത്തോന്നാം. രതിയെ കാമത്തിലും കാമത്തെ മരണത്തിലും സ്ഥാനാന്തരപ്പെടുത്തുന്നതാണ് സ്തോത്രാഖ്യാനങ്ങള്‍. ‘ശിവസ്തോത്രമാല’യില്‍ പെണ്‍മേനിയെ അറപ്പിലും വെറുപ്പിലും സിക്തമാക്കുന്നുണ്ട്.
ഉടലില്‍നിന്നുള്ള പലായനം സ്തോത്രാഖ്യാനങ്ങളുടെ പൊതുസ്വഭാവമാണ്. ശരീരകാമനകളെ ജീവിതത്തിന്‍െറ അനിശ്ചിതത്വങ്ങള്‍കൊണ്ടാണ് കവി പരിഹരിക്കുന്നത്. ‘കാമിനീഗര്‍ഹണ’ത്തില്‍ ശരീരദൃശ്യത്തെ മരണാനുഭവമായാണ് വ്യാഖ്യാനിക്കുന്നത്. കൃതാന്തന്‍, പുരാരി, മുരാരി, കാലാന്തകന്‍ എന്നിങ്ങനെയുള്ള ശിവനാമങ്ങളാണ് അപവാദഭയത്തിനും മരണഭയത്തിനും പരിഹാരഹേതുക്കളായി ഉപയോഗിക്കുന്നത്. ശരീരത്തെ അന്യവത്കരിക്കാനുള്ള ഉദ്യമങ്ങളുടെ തുടര്‍ച്ചയിലാണ് പ്രേമവും പ്രണയവും രതിതൃഷ്ണയുമെല്ലാം സന്നിവേശിപ്പിക്കുന്നത്. തുടര്‍ന്ന് മരണദൂതികളായ വികാരസഞ്ചലനങ്ങളില്‍നിന്നുള്ള ഏക പോംവഴിയായി നിര്‍വേദത്തില്‍ അഭയം പ്രാപിക്കുകയും ചെയ്യുന്നു.
1902നും 1907നുമിടയ്ക്ക് ആശാനെഴുതിയവ മിക്കവയും അപൂര്‍ണങ്ങളാണ്. ‘വീണപൂവി’ന്‍െറ (1908) മുന്നോടിയായി ഇത്തരം അപൂര്‍ണ കവനങ്ങളെ കാണാവുന്നതാണ്. ‘ഒരു സന്ധ്യ’ (1902), ‘ഉള്‍ന്നാട്ടിലെ ഓണം’ (1902), ‘എന്‍െറ സ്നേഹിതന്‍െറ വിയോഗം’ (1904) തുടങ്ങി കര്‍തൃരൂപത്തിന്‍െറ സന്ദിഗ്ധകാലത്തിന്‍െറ അവശേഷങ്ങള്‍ കുറേയുണ്ട്. എന്നാല്‍, ആശാന്‍കവിതയിലെ ഭാവികമായ ആഭിമുഖ്യങ്ങളെ അവ പ്രത്യാശിക്കുന്നുണ്ട്. ഉദാഹരണത്തിന്, ‘ലോക’ (1908)മെന്ന കവിത ലൗകിക ജീവിതത്തിനുള്ളിലെ വൈരുധ്യാത്മകമായ പാരസ്പര്യത്തെയും സംഘര്‍ഷാത്മകതയെയുമാണ് വിഷയീകരിക്കുന്നത്. ജീവജാല പ്രകൃതിയിലെ മരണത്തിന്‍െറ ചാക്രികതയെ മുമ്പെന്നവിധം ആത്മീയവത്കരിക്കുകയല്ല കവി. ‘‘മൃത്യുവിന്‍ നൃത്തമെങ്ങു’’മെന്നുള്ള കാവ്യഭാഷണത്തില്‍ നിരന്തരം പരിചരിക്കപ്പെട്ടു. ആചാരം, വ്യവഹാരം, പ്രായശ്ചിത്തം, കര്‍മഫലം എന്നിങ്ങനെ ക്രമീകരിച്ച ‘ഹിന്ദുധര്‍മ സംഹിത’കളില്‍നിന്നുള്ള വിമുക്തിയാണ് ‘നളിനി’യും ‘ലീല’യും സാക്ഷ്യപ്പെടുത്തിയത്. ആചാരവ്യവഹാരങ്ങളെ കാവ്യാഖ്യാനത്തിലും മുഖപ്രസംഗത്തിലും ആശാന്‍ നിഷേധിച്ചിട്ടുണ്ട്. മീമാംസക്കപ്പുറം യോഗ-സാംഖ്യദര്‍ശനങ്ങളുടെ സത്താവിശേഷങ്ങള്‍ ‘നളിനി’യിലുണ്ട്. ‘ലീല’യാവട്ടെ കൂടുതല്‍ ലൗകികത്തോടാണ് അടുക്കുന്നത്. സാമാന്യത്തില്‍നിന്നും അസാമാന്യത്തിലേക്കല്ല, മറിച്ചാണ് ആശാന്‍െറ കാര്യത്തില്‍ സംഭവിച്ചത്. ‘നളിനി’ എഴുതിത്തീരുംമുമ്പേ അതേ മാതൃകയില്‍ മറ്റൊരു കൃതി തയാറാക്കേണ്ടതിന്‍െറ അനിവാര്യത ആശാന് ബോധ്യപ്പെട്ടിരുന്നു. ‘ലീല’യുടെ മുഖവുര തുടങ്ങുന്നത് ഇത് സൂചിപ്പിച്ചുകൊണ്ടാണ്. ‘നളിനി’ക്ക് സാത്ത്വികതയേറിയെന്ന സ്വവിമര്‍ശമാണല്ളോ ‘ലീല’യെ രാജസമാക്കുന്നതിലേക്ക് നയിച്ചത്. സാമൂഹിക നിയതിക്ക് അപ്രാപ്യമായ ഒരിടത്തിലാണ് നളിനീ ദിവാകര സമാഗമം കവി ഒരുക്കിയിട്ടുള്ളത്. ഹിമവാന്‍െറ മുകള്‍ത്തട്ടും താഴ്വാരവും ജന്തുജാലം നിറഞ്ഞ വനഭൂമിയുമൊക്കെ ഇതിന് പശ്ചാത്തലമൊരുക്കുന്നു. സാത്ത്വികതയുടെ ‘പൂര്‍ണത’യില്‍ കാവ്യാത്മകമായ നിശ്ചലതയോ മരവിപ്പോ ഉണ്ട്. മറ്റൊരു വശത്തേക്കും ചായാനാവാത്ത സുസ്ഥിരതയുള്ളതാണ് സാത്ത്വികതയുടെ അന്തരംഗം.
സാത്ത്വികതക്ക് മുമ്പുള്ള അവസ്ഥയിലാണ് ജീവിതത്തിന്‍െറ കഷ്ടതകളും മാനസരഹസ്യങ്ങളും ‘അധികം അടങ്ങിയിരിക്കുന്ന’തെന്ന് ‘ലീല’യുടെ മുഖവുരയില്‍ ആശാന്‍ രേഖപ്പെടുത്തുന്നുണ്ട്. ‘നളിനി’യില്‍ ‘സ്നേഹ’മാണ് ആവര്‍ത്തിക്കുന്നതെങ്കില്‍ ‘ലീല’യില്‍ സ്നേഹത്തോടൊത്ത് പ്രേമവും പ്രണയവും രതിയും കാമനയും വിലാസിതയും ഉപയോഗിക്കപ്പെടുന്നുണ്ട്. രതിയെ ആശാന്‍ പരിചരിക്കുന്ന രീതി ലക്ഷണശാസ്ത്രപ്രകാരമല്ല. പ്രേമം, രതിയായും വിരതിയായും വ്യവഹരിക്കുന്നു ആശാന്‍ കവിത. വിരക്തിയെ ലോകസ്നേഹമെന്നപോലെ ലോകസേവനമായും കവി തിരിച്ചറിയുന്നു. നളിനിയുമായുള്ള സംബന്ധത്തെതുടര്‍ന്നാണല്ളോ ദിവാകരന്‍െറ സന്ന്യാസത്തിന് ദിശാബോധം ഉണ്ടാവുന്നത്. സന്ന്യാസത്തിന്‍െറ നിര്‍വൃതി ലോകസേവനത്തിലാണെന്ന് നളിനിയുടെ അന്ത്യശ്ളോകങ്ങള്‍ വ്യക്തമാക്കുന്നു. ഇവിടെ ബുദ്ധമതത്തിന്‍െറ സാമീപ്യമുണ്ട്. ഉദാരതയും മൈത്രിയും കാരുണ്യവും സമദര്‍ശനവുമൊക്കെ നിറഞ്ഞതാണ് കവിയുടെ ആഗ്രഹലോകം. ഹൈന്ദവത്തില്‍നിന്നും ബൗദ്ധത്തിലേക്കുള്ള അന്തരംഗം ചിലപ്പോള്‍ പരസ്പരപൂരണത്തിന്‍േറതായും മാറുന്നുണ്ട്.
‘ലീല’യിലാവട്ടെ വ്യക്തിയും സമൂഹവുമായുള്ള ബന്ധം തത്ത്വങ്ങളാലല്ല, കഥാപാത്രങ്ങളുടെ പെരുമാറ്റം കൊണ്ടാണ് നിര്‍വചിക്കപ്പെടുന്നത്. സാമൂഹികവും സാമുദായികവുമായ നീതിശാസ്ത്രത്തിന്‍െറ അപ്രായോഗികത ബോധ്യമാകുന്നിടത്താണ് ലീലാഖ്യാനം പ്രസക്തമാകുന്നത്. കഷ്ടനഷ്ടങ്ങളുടെ ദുരന്തച്ഛായയും സങ്കീര്‍ണമായ മാനസ രഹസ്യങ്ങളും ചേര്‍ന്നതാണ് രാജസം. നളിനിയില്‍നിന്നും വ്യത്യസ്തമായി ശരീരവും ചിത്തസ്വത്വവുമായുള്ള പാരസ്പര്യം കൂടുതല്‍ അഗാധവും സംഘര്‍ഷണമുള്ളതുമാണ്. നൈസാമിയുടെ ‘ലൈലാമജ്നു’വിനെ ആസ്പദമാക്കി കോളജ് മാഗസിനില്‍ വന്ന ഒരു ചിത്രമായിരുന്നു ‘ലീല’ക്ക് പ്രചോദനം. ‘നളിനി’യുമായൊരു താരതമ്യം ‘ലീല’യുടെ കാര്യത്തില്‍ ഉണ്ടാവരുതെന്നും മുഖവുരയില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. ‘നളിനി’യെ താമരപ്പൂവായും ‘ലീല’യെ ചമ്പകപ്പൂവായും രൂപണംചെയ്യുന്നത് ജൈവപരമായ അന്തരം പരിഗണിച്ചാണ്. ശാന്തമായ സുഗന്ധവും ഉദാരശോഭയുള്ളതുമാണ് താമര. ചമ്പകമാവട്ടെ പ്രകടമായ സൗരഭ്യവും ഉജ്ജ്വലമായ കാന്തിയുമുള്ളതും. ചമ്പകത്തിന്‍െറ ഗന്ധവിശേഷം ആഖ്യാന സന്ധികളില്‍ പല തലങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്. പ്രണയതൃഷ്ണയിലും ജീവിതരതിയിലും ആത്മവത്തയുടെ പരിണാമദശകളിലെല്ലാം ചമ്പകമണം സന്നിഹിതമാണ്. വിന്ധ്യാഭയില്‍ മദനന്‍െറ സാന്നിധ്യം ലീല അനുഗമിക്കുന്നത് ചമ്പകപ്പൂമണം പിന്തുടര്‍ന്നാണ്. ഗന്ധം നുകര്‍ന്നാണ് മദനാഭിമുഖ്യമുള്ള ലീലയുടെ ഓരോ നീക്കവും. സ്വകാമനകള്‍ ഏറ്റുപറയുന്ന ലീലയുടെ സ്വഗതാഖ്യാനത്തിന് അവലംബവും ചമ്പകമാണ്. ലീലയെയും മദനനെയും ബന്ധിപ്പിക്കുന്ന ഗന്ധത്തിന്‍െറ വാടികള്‍ ലീലയുടെ പാരായണത്തില്‍ നിര്‍ണായകമാണ്. ആഖ്യാനത്തിന്‍െറ ദശാസന്ധിയില്‍ ജീവസന്ധായകമായി ഇതനുഭൂതമാകുന്നു. ലീല മദനന്മാരുടെ സമാഗമവും മരണവും ഗന്ധവൃത്തിയിലാണ് സഫലമാകുന്നത്. മരണാനന്തരം ‘‘പവനനുമഥ വിട്ടു ചമ്പകത്തെ’’യെന്ന അവസാനഭാഗത്തെ വരികള്‍ ജീവസന്ധായകമായ ആഖ്യാനസൂചകമാണ് ഗന്ധമെന്ന തിരിച്ചറിവേകുന്നതാണ്.
‘ലീല’യില്‍ ആത്മീയബാധ്യതകള്‍ കുറവാണ്. ശരീരസമ്പര്‍ക്കമുള്ള ഭാഷയും കല്‍പനയുമാണ് ‘ലീല’യിലുള്ളത്. അനുരാഗത്തിന്‍െറ അന്തസ്സത്ത ഇന്ദ്രിയ നിഷ്ഠമാണ്. പ്രാപഞ്ചിക പീഡയില്‍ ഇല്ലാതാവുന്നതല്ല ലീലയുടെ അനുരാഗം. ‘‘അടിയേല്‍ക്കുന്ന വെള്ളിപോലെയും ഉലയിലൂതിത്തെളിയുന്ന പൊന്നുപോലെയും വിലയെഴുമനുരാഗം’’ വിളങ്ങുമെന്നാണ് സദൃശകല്‍പന.
ആദ്യഖണ്ഡത്തില്‍തന്നെ പ്രണയാഭിമുഖമായി ആഖ്യാനത്തെ സജ്ജമാക്കുന്ന അനേകം സാധര്‍മ്യങ്ങളുണ്ട്. ‘‘ഉന്മദമരുളുന്ന മധുമാസരാത്രിയില്‍’’ ‘‘വീണപൂങ്കുലപോലെ’’ വിവശയായ ലീലയെയാണ് തുടക്കത്തില്‍ അനുവാചകര്‍ അഭിമുഖീകരിക്കുന്നത്. വിവശതയും പിന്നീടുള്ള വിലാസിതയും ഗുണത്തിന്‍െറ പ്രത്യക്ഷ ചിഹ്നങ്ങളാണ്. വിരുദ്ധമെന്നു തോന്നാവുന്ന നിലകളെ ഗുണസംയുക്തമാക്കുന്നത് പ്രണയമാണ്. ലീലയോട് ബന്ധപ്പെടുന്നവരുടെ സാന്നിധ്യമെന്നപോലെ അസാന്നിധ്യവും ഗുണപരിണാമങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്നതാണ്. അതിന്‍െറ തീക്ഷ്ണതയറിയുന്നത് ലീലയുടെ ഭര്‍ത്താവിന്‍െറ ആകസ്മികമരണം പറയുന്ന സന്ദര്‍ഭത്തിലാണ്. മദനനില്‍ സ്വത്വവിശേഷമാകുന്ന അതേ ഗുണമാണ് ‘കമനനായ ഭര്‍ത്താവില്‍’ ‘ഹതവിധിയായി’ മാറുന്നത്. അങ്ങനെ ‘മാനസരഹസ്യ’ങ്ങളുടെ ദുരൂഹതകളുള്ള വ്യഞ്ജനയായി ഗുണപരിണാമത്തിന് രൂപാന്തരമുണ്ടാവുന്നു. ഭര്‍ത്താവിന്‍െറ മരണസന്ദര്‍ഭത്തെ ‘സ്വാഭാവിക’മാക്കുന്നതിന് എത്രയോ അര്‍ഥാന്തരന്യാസങ്ങള്‍ (ഉദാ: ജന്തുവിനു ഹാ! വിവൃതകവാടയനാരതം മൃതി I) ആഖ്യാനത്തില്‍ വിനിയോഗിച്ചിട്ടുണ്ടെന്നു നോക്കുക. ഭര്‍ത്താവിന്‍െറ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആദ്യം മനസ്സിലാക്കിയത് കുട്ടികൃഷ്ണമാരാരല്ല, ലീലാകര്‍ത്താവായ കുമാരനാശാനാണ്. മാരാരാവട്ടെ, മരണത്തിലല്ല, മരണഹേതുവിലാണ് ലീലയുടെ സ്വത്വപ്രസ്താവം ലീനമാകുന്നതെന്ന് വിശ്വസിച്ചയാളാണ്. ലീലയെ പ്രതിചേര്‍ക്കാനല്ല മാരാര്‍ ഉദ്യമിക്കുന്നത്. പ്രണയാഭിമുഖ്യത്തിലുണ്ടാക്കുന്ന ആത്മവത്തയുടെ പരിവര്‍ത്തനത്തിന് ‘ശയനീയശായി’ ഒരു ബാധയാണ്. അത്തരമൊരു തടസ്സം നീക്കം ചെയ്തത് ബോധപൂര്‍വമാണെന്നും അത് ലീലയുടെ ഗുണത്തിന്‍െറ പരിണതിയാണെന്നുമാണ് മാരാരുടെ നിലപാട്. ആശാനാവട്ടെ ഭര്‍തൃമരണത്തെ തുടര്‍ന്നുണ്ടായേക്കാവുന്ന അപവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പതിവിനു വിപരീതമായി ദീര്‍ഘമായി മറുപടിയെഴുതുന്നുണ്ട്. ലീലയെ സാധൂകരിക്കുന്നതിന് ‘ഗുണ’ത്തിന്‍െറ എത്രയോ പ്രകാരഭേദങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. സതി, ഹൃദയി, സ്ഥിരശീല തുടങ്ങിയ എത്രയോ വിശേഷങ്ങളാണ് ആഖ്യാനത്തിലുള്ളത്. ലീലയുടെ ‘മനസ്വിത’യെ മുന്‍നിര്‍ത്തി ഒന്നിലേറെ തവണ ‘ഗുണവതി’യെന്നും ‘ഗുണനിധി’യെന്നും വിശേഷിപ്പിക്കുന്നുണ്ട്. വിധിയുടെ പിന്‍ബലവും ലീലക്ക് ആഖ്യാനത്തില്‍ ലഭിക്കുന്നുണ്ട്. ഭര്‍ത്തൃമരണത്തെതുടര്‍ന്ന് ലീല നേരിടേണ്ടിവന്നേക്കാവുന്ന അപവാദകാലാവസ്ഥ ആശാന്‍ മുന്‍കൂട്ടി കണ്ടറിഞ്ഞതായി തോന്നും. മരണം സ്വാഭാവികമെന്ന് സമര്‍ഥിക്കുന്നതിനും ലീല നിഷ്കളങ്കയെന്ന് വാദിക്കുന്നതിനും അര്‍ഥാന്തരന്യാസംപോലുള്ള അലങ്കാരങ്ങള്‍ ആഖ്യാനത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. ഇതേ നിലക്കാണ് ‘ലീല’യില്‍ ഉടനീളം വിനിയോഗിച്ചിട്ടുള്ള ‘വിധി’ വിശ്വാസം മരണാനന്തര സന്ദര്‍ഭത്തില്‍ കടന്നുവരുന്നത്. ലീലയുടെ പാരതന്ത്ര്യമാകണം ഒരുപക്ഷേ, അത്രയേറെ സാധൂകരണത്തിന് നിദാനം. നളിനിയെയോ സീതയെയോപോലെ സ്വത്വത്തിന്മേലുള്ള അധീശത ലീലയിലില്ല. തുടക്കത്തില്‍ ധനികനായ പിതാവും തുടര്‍ന്ന് ഭര്‍ത്താവുമടങ്ങുന്ന സമുദായനീതിയാണ്, ‘വിധി’പ്രകാരം അവളെ നിയന്ത്രിച്ചിരുന്നത്. ആഘോഷത്തിന്‍െറയും ആഡംബരത്തിന്‍െറയും ഭാസുരതയിലാണ് ലീലയുടെ ബാല്യം. പിതാവും പ്രകൃതിയും മത്സരിച്ചാണവളെ അലങ്കരിച്ചത് (1:10). നഗരങ്ങളും ജനപദങ്ങളും ആചാരക്രമങ്ങളും വേഷഭാഷകളും പിതാവുമൊത്തുള്ള ദീര്‍ഘമായ യാത്രകളില്‍ ലീലക്ക് പരിചിതമായിരുന്നു. എന്നാല്‍, ഇതുകൊണ്ടൊന്നും അവള്‍ സ്വതന്ത്രയാവുന്നില്ല. ‘സമധനവംശനെ’ ഭര്‍ത്താവായി തിരഞ്ഞെടുത്തതും പിതാവുതന്നെ. വംശവും സമ്പത്തുമാണല്ളോ ഭര്‍ത്താവാകാനുള്ള പുരുഷന്‍െറ യോഗ്യതയായി ലീലയുടെ പിതാവ് കാണുന്നത്. പിതൃദായകവ്യവസ്ഥയുടെ അധികാരപരിധിക്കുള്ളില്‍നിന്നാണ് പിതൃധര്‍മവും ഭര്‍ത്താവിന്‍െറ വിലാസിതയുമൊക്കെ സാക്ഷാത്കരിക്കുന്നത്. സ്വജീവിതം അച്ഛന്‍െറയും ഭര്‍ത്താവിന്‍െറയും താല്‍പര്യങ്ങള്‍ക്കുള്ളില്‍ പാകപ്പെടുത്തേണ്ടിവന്ന ജീവിതമാണ് ലീലയുടേത്. പുരുഷപക്ഷത്തുനിന്നുള്ള വാത്സല്യവും വിലാസിതയുമൊക്കെ ഒരുക്കിയെടുക്കലിന്‍െറ രുചിഭേദങ്ങള്‍ മാത്രം. ഇവിടെയെല്ലാം വിധിയെ ആനയിച്ച് ലീലയുടെ അനന്തരജീവിതം നീതീകരിക്കേണ്ടതുണ്ടോ എന്ന പ്രശ്നമാണ് കുട്ടികൃഷ്ണമാരാര് ഉന്നയിച്ചത്. ആസൂത്രിതവും ആണത്തത്തിന് അനുകൂലവുമായ വ്യവസ്ഥയെയാണ് വിധി എന്നു വിളിക്കേണ്ടിവരുന്നത്. ആഖ്യാനകത്തില്‍ മനുഷ്യസഹജമായി നടക്കുന്ന ഇടപെടലുകളാണ് ലീലാകാവ്യത്തില്‍ വിധിയുടെ കര്‍മരേഖയെന്ന് മാരാര് കരുതുന്നു. ലീലയുടെ ഭര്‍ത്താവിന്‍െറ മരണം അയാളുടെ വിധിയാണെന്ന ഭാഷ്യത്തിന് ഇങ്ങനെയൊരു പശ്ചാത്തലവുമുണ്ട്. ലീലാകാവ്യത്തിലെ വിധി സൂചനകള്‍ ലാക്കാക്കുന്നത് പൗരുഷത്തെയാണ്. വിവാഹംപോലും വിധിഹിതമാണെന്ന പ്രസ്താവം ആഖ്യാനത്തിലുണ്ട്. പലനിലക്കും തത്തുല്യമായ ഒരുവനെ കണ്ടത്തെി ആളും അര്‍ഥവും സമാഹരിച്ച് നടത്തിയതാണല്ളോ ലീലയുടെ വിവാഹം. വര്‍ത്തക പ്രമാണിയായ പിതാവാണ് ഇവിടെ വിധികര്‍ത്താവ്. വിധിയായി നടത്തിയെന്നത് അതിലേക്ക് നയിക്കുന്ന ആലങ്കാരികപ്രയോഗം മാത്രമാണ്. ഇതുകൊണ്ടാവാം വിവാഹവേളയിലെന്നപോലെ മരണവേളയിലും കാണുന്ന വിധിപ്രയോഗം അലങ്കാരത്തില്‍ കവിഞ്ഞ ഒന്നല്ളെന്ന് മാരാര്‍ വിചാരിക്കുന്നത്.
‘‘ക്ഷണമകരുണമന്യവൈഭവം
ഗുണപരിണാമപരീക്ഷകന്‍ വിധി’’ (I. 37)യെന്ന വരികളിലെ ‘അന്യവൈഭവ’മെന്ന പ്രയോഗം മാംഗല്യകാലത്തെന്നപോലൊന്ന് മരണവേളയിലും പ്രവര്‍ത്തിച്ചതിന്‍െറ തെളിവായാണ് മാരാര്‍ മനസ്സിലാക്കുന്നത്. ‘ഗുണപരിണാമപരീക്ഷക’നെന്ന വിശേഷണം ലീലയുടെ ഏതോ ഗുണം എങ്ങനെ പരിണമിക്കുന്നുവെന്ന പരീക്ഷയെ അടയാളപ്പെടുത്തുന്നു. ആ ഗുണത്തിന് മേല്‍ക്കുമേല്‍ വന്ന മാറ്റമാണ് വിധിയുടെ പ്രയോജ്യകര്‍ത്താവായ പൗരുഷം. ആ മനുഷ്യകര്‍മം എന്തായിരുന്നുവെന്നും എന്തുചെയ്തുവെന്നുമുള്ള ആകാംക്ഷക്കു മുന്നിലാണ് ‘അവളുടെ ശയനീയശായിയാ’മെന്ന വിശേഷണപ്രയോഗം ചെന്നുനില്‍ക്കുന്നത്. അതെന്തായാലും ഭര്‍ത്താവിന്‍െറ ആകസ്മികമൃത്യു ലീലയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തിലേക്കുള്ള തുറവിയായിരുന്നു. ഉദയപുരിയിലേക്കുള്ള മടക്കത്തില്‍ മാത്രം അറിയാന്‍ കഴിഞ്ഞ മാതാപിതാക്കളുടെ മരണവാര്‍ത്തയാവട്ടെ സ്വാതന്ത്ര്യത്തെ കൂടുതല്‍ തുറസ്സാക്കുന്നു. ഈ തിരിച്ചുവരവിലാണ് സഖിയായ മാധവിയുമായുള്ള പുന$സമാഗമം സാധ്യമാവുന്നത്.
കാവ്യാരംഭത്തില്‍ പ്രണയപരവശയായ ലീലക്ക് ശുഭം നേര്‍ന്ന്, മോഹനിദ്രവിട്ടുണരാന്‍ നിര്‍ബന്ധിക്കുന്നത് മാധവിയാണ്. നളിനിയുടെ രക്ഷകയായ സ്വാമിനിയെക്കാള്‍ നിര്‍ണായകത്വമുണ്ട് മാധവിക്ക്. ലീലയുടെ സ്ത്രൈണകര്‍തൃത്വം സ്വതന്ത്രമായെങ്കിലും അവളുടെ മദനോന്മുഖമായ കാമനകള്‍ അറിയുന്നതും വാര്‍ത്തകള്‍ അറിയിക്കുന്നതും മാധവിയാണ്. അനുവാചകപക്ഷത്തുള്ള ആധിക്കും സന്ദേഹത്തിനുമുള്ള പരിഹാരഹേതുവാണ് തോഴിയുടെ ഇടപെടലുകള്‍. മാധവിയുമായുള്ള സംവാദത്തിലാണ് ലീലയിലെ കാമനാവിനിമയം കൂടുതല്‍ വ്യക്തമാകുന്നത്. മാധവി സംസാരിക്കുന്നത് സാമൂഹികസദാചാരത്തിന്‍െറ പക്ഷത്തുനിന്നാണ്. എന്നാല്‍, കാര്യങ്ങള്‍ തീരുമാനിക്കുന്നതാവട്ടെ ലീലാപക്ഷത്തുനിന്നും. സമ്പന്നതയും സൗന്ദര്യവും വംശമഹിമയുമൊക്കെ മദനസമാഗമത്തിനു തടസ്സമായി തോഴി ഉന്നയിക്കുന്നുണ്ട്. സദാചാരത്തിന്‍െറ മുന്നറിയിപ്പിനൊപ്പം അപവാദാരോപണത്തിന്‍െറ തീക്ഷ്ണതയും മാധവി അവതരിപ്പിക്കുന്നു. ലീലയുടെ പ്രേമം അനുസ്യൂതമാകുന്ന സന്ദര്‍ഭംകൂടിയാണിത്.
ഉടലഴകിന്‍െറയും സമ്പന്നതയുടെയും വംശമഹിമയുടെയും ക്ഷണികത ഓര്‍മപ്പെടുത്തിക്കൊണ്ടാണ് ലീല വിന്ധ്യാടവിയിലേക്ക് പോകാന്‍ മുതിരുന്നത്. സമാഗമതൃഷ്ണ തിടംവെച്ച വചസ്സുകള്‍ ലീലയുടെ സ്വാതന്ത്ര്യപ്രസ്താവത്തിന്‍െറ പാരമ്യമാണ് കുറിക്കുന്നത്. സഖിയോടൊത്തുള്ള വനയാത്ര ഒരര്‍ഥത്തില്‍ സ്വത്വാന്തരികതയിലേക്കുള്ള പ്രയാണംകൂടിയാണ്. പിതൃദായകമായ നിയന്ത്രണസ്ഥാപനങ്ങളില്ലാത്ത സന്ദര്‍ഭത്തില്‍നിന്നാണ് തന്നില്‍ സംഭവിച്ച മാറ്റങ്ങള്‍ വെളിപ്പെടുത്തുന്നത്.
സ്ത്രൈണമായ ആധികാരികത പ്രതിഫലിപ്പിക്കുന്നത് അനിയന്ത്രിതമായ സ്വത്വസ്വാതന്ത്ര്യമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ നേരത്തേ എത്തിച്ചേര്‍ന്നിരുന്നെങ്കില്‍ ആരെയും കൂസാതെ താന്‍ മദനനെ സ്വന്തമാക്കുമായിരുന്നു എന്നവള്‍ മാധവിയോട് ഏറ്റുപറയുന്നുണ്ട്. വര്‍ത്തമാനത്തില്‍ മദനസമാഗമം ആസൂത്രണം ചെയ്യുന്നത് ലീലതന്നെയാണ്. മദനന്‍െറ കാമ്യവസ്തു വര്‍ഷങ്ങള്‍ക്കു ശേഷവും താന്‍തന്നെയാണെന്ന് അവള്‍ തീരുമാനിക്കുന്നു. രണ്ടാം സര്‍ഗം അവസാനിക്കുമ്പോള്‍ ലീലയുടെ കര്‍തൃസ്ഥാനം കൂടുതല്‍ പ്രത്യയസ്ഥിരതയുള്ളതാകുന്നു.
കാമ്യവസ്തുവായി മദനനു മുന്നില്‍ താന്‍ അറിയപ്പെടണമെന്ന് ലീല അഭിലഷിക്കുന്നുണ്ട്. ‘ഭര്‍തൃമുക്ത’യായി ചെല്ലുന്നതന്നെ പൊടിതുടച്ച കണ്ണാടിപോലെയും അടിതെളിഞ്ഞ കയംപോലെയും മദനന്‍ കാണണമെന്നാണ് ലീല വിചാരിക്കുന്നത്. പൂക്കളും പൂമ്പൊടിയും തളിരും കൊണ്ടലങ്കരിച്ച് മദനന് കാഴ്ചപ്പെടണമെന്നാണ് ലീലയുടെ ആഗ്രഹം (III. 26). മദനന്‍െറ ആഗ്രഹവസ്തുവാകുന്നതിനായി തന്നെ അണിയിച്ചൊരുക്കുകയാണല്ളോ ലീല. താന്‍ ആഗ്രഹിക്കുമ്പോലെ അയാള്‍ മറിച്ചും വിചാരിക്കണമെന്നാണ് ലീലയുടെ മോഹം. അതേസമയം, ലീലയുടെ ആഗ്രഹം അവള്‍ വിചാരിക്കുമ്പോലെ നിറവേറ്റാന്‍ അയാള്‍ക്ക് കഴിയുന്നതുമില്ല. മദനസാന്നിധ്യത്തില്‍ ലീല പറയുന്നത് അയാള്‍ക്ക് തിരിഞ്ഞോയെന്ന് സംശയമാണ്. ഇവിടെ എഴുത്തുകാരനാണ് മദനന്‍െറ പലായനവും ലീലയുടെ പ്രതികരണവും വിവരിക്കുന്നത്. തന്‍െറ ആഗ്രഹമെന്നത് തന്നില്‍നിന്നന്യമായിക്കഴിഞ്ഞ മദനന്‍െറകൂടി ആഗ്രഹമാണെന്ന് ലീല കരുതുന്നതിലാണ് ആഖ്യാനത്തിലെ വൈരുധ്യാത്മകത കൂടുതല്‍ വാച്യമാകുന്നത്. ആഗ്രഹവസ്തുവായിരിക്കുമ്പോഴും ലീലയുടെ ആഗ്രഹത്തെ പ്രതിനിധാനംചെയ്യാന്‍ മദനനാവുന്നില്ല. പ്രിയതമന്‍, മഹാത്മന്‍, ഹൃദയനാഥന്‍, സ്ഥിരചരിതന്‍, നാഥന്‍, അതുലന്‍, സ്ഥിരാത്മന്‍, വിമലാശയന്‍ എന്നിങ്ങനെ അനേകം വിശേഷണങ്ങളിലൂടെയാണ് മദനനെ തന്നിലേക്കാകര്‍ഷിക്കാന്‍ ലീല ശ്രമിക്കുന്നത്. സമാന്തരമായി തന്നെ അപ്രഗല്ഭ, അശക്ത, ദാസി, ദയനീയഭൃത്യയെന്നിങ്ങനെ അപലപിക്കുന്നുമുണ്ട്. പ്രീണനത്തിന്‍െറയും പ്രലോഭനത്തിന്‍െറയും പ്രേമരതിയുടെയും സ്വഗതാഖ്യാനങ്ങള്‍ മനസ്സും ശരീരവും ആഗ്രഹവസ്തുവിന് സമര്‍പ്പിക്കുന്ന ഉദ്യമമായി മാറുന്നു. ലീലയുടെ മനസ്സും ഭാഷയും ആഗ്രഹവുമാണ് സ്വാഖ്യാനത്തില്‍ സമ്മേളിക്കുന്നത്. കാഴ്ചയില്‍നിന്ന് മറഞ്ഞുപോയ മദനനെ വീണ്ടെടുക്കുന്നതിന് മനസ്സിനൊപ്പം ഉടലിനെയും ലീല ഒരുക്കിയെടുക്കുകയായിരുന്നു. ഇണയിലലിഞ്ഞു പാടുന്ന കുയിലിന്‍െറയും പിടയോടൊത്താടീടുന്ന മയിലിന്‍െറയും പ്രിയയെയനുനയിച്ചിടുന്ന സിംഹത്തിന്‍െറയും ദൃശ്യങ്ങള്‍ തൃഷ്ണാസൂചകങ്ങളാണ്. തിരിച്ചറിവിന്‍െറയും തൃഷ്ണാപൂരണത്തിന്‍െറയും പക്ഷത്തുള്ളത് ലീല മാത്രമാണ്. മദനനാവട്ടെ തന്‍െറ വര്‍ത്തമാനാവസ്ഥയില്‍നിന്ന് ഭ്രംശിക്കപ്പെട്ടവനാണ്. സ്വന്തം മുഖം കണ്ണാടിയില്‍ നേരിട്ടു കണ്ട കുട്ടിയെപ്പോലെ ലീലാസാന്നിധ്യത്തില്‍ പകച്ചുനില്‍ക്കുന്ന മദനനെയാണ് നമ്മള്‍ കാണുന്നത് (III. 58). ആകര്‍ഷകവസ്തുവെന്നനിലക്ക് കണ്ണാടിബിംബം മൂന്നാം സര്‍ഗത്തില്‍ മാത്രം രണ്ടിടത്തായി സന്നിവേശിപ്പിച്ചിട്ടുണ്ട്. അതിലൊന്ന് മുമ്പ് സൂചിപ്പിച്ച പൊടിതുടച്ച കണ്ണാടിയിലെന്നപോലെതന്നെ മദനന്‍ കാണണമെന്ന ആഗ്രഹമാണ് (III. 25). മറ്റൊന്ന്, കണ്ണാടിയില്‍ സ്വരൂപം നേരിട്ടുകണ്ട് കുഴങ്ങുന്ന കുട്ടിയുമായുള്ള സാദൃശ്യം പറയുന്നിടത്താണ്. ആഗ്രഹവസ്തുവായ മദനന്‍ തന്നെ തെളിഞ്ഞ കണ്ണാടിപോലെ കാണണമെന്നാണല്ളോ ലീലയുടെ താല്‍പര്യം. ഇവിടെ മദനനെ ആഗ്രഹിക്കുന്ന ലീല സ്വയമൊരു ആഗ്രഹവസ്തുവായി രൂപാന്തരപ്പെടുന്നുണ്ട്. സമാഗമവേളയില്‍ ലീലയുടെ സാമീപ്യം പൊറുക്കാനാവാതെ കണ്ണാടിയില്‍ പ്രതിരൂപം കണ്ട കുട്ടിയെപ്പോലെ നിസ്സഹായനാവുന്നു. കണ്ണാടിക്കാഴ്ചയോട് മദനന് ഐക്യപ്പെടാനാവുന്നില്ല. തെളിഞ്ഞ കണ്ണാടിയായി ലീലയെ മനസ്സിലാക്കാനോ അവളിലേക്ക് ആകര്‍ഷിക്കപ്പെട്ടുനില്‍ക്കാനോ മദനനാവുന്നതുമില്ല. അങ്ങനെ ദര്‍പ്പണപ്രതിബിംബത്തിലൂടെ അനുഭൂതമാവേണ്ട മേളനം ലീല വിചാരിച്ചതുപോലെ യാഥാര്‍ഥ്യമാവുന്നില്ല. ലീലാമദനന്മാരുടെ സ്വയംഹത്യ മിഥ്യയുടെയും യാഥാര്‍ഥ്യത്തിന്‍െറയും പൊരുത്തക്കേടില്‍ സംഭവിക്കുന്നതാണ്. ലീലയുടെ ഭാവത്തെ താല്‍ക്കാലികമായെങ്കിലും അമ്മയുടേതിനോട് സദൃശപ്പെടുത്തുന്ന സന്ദര്‍ഭവും ഇതോടടുത്തു ചേര്‍ത്തിട്ടുണ്ട് (III. 59). ഇവിടെ അമ്മ (ലീല) ആഗ്രഹിക്കുന്ന വസ്തുവായി മാറാന്‍ കുട്ടിക്ക് (മദനന്) കഴിയുന്നില്ല. എന്നാല്‍, അമ്മയാവട്ടെ കുട്ടിയെ സംതൃപ്തമാക്കുന്ന സന്നാഹങ്ങളോടെ ആഖ്യാനത്തില്‍ പെരുമാറുകയും ചെയ്യുന്നു. സ്വഗതാഖ്യാനത്തില്‍ തെളിയുന്ന വനദൃശ്യങ്ങളും നാമവിശേഷണങ്ങളും സാമ്യോക്തികളും ലീലയുടെ ആഗ്രഹസൂചിതങ്ങളാണ്. വൈകാരികസ്മൃതികളിലൂടെ മദനനിഷ്ഠമായ പ്രണയകാലം ലീല പുന$സൃഷ്ടിച്ചു. അതിനായി മദനരഹിതമായിരുന്ന ഭൂതകാലം വിസ്മരിക്കുകയും ചെയ്തു. ലീലാമദനസംഗമവും പ്രാണനാശവുമൊക്കെ അദൈ്വതത്തിന്‍െറ ആദര്‍ശത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നവരുണ്ട്. ആഖ്യാനത്തിലെ കര്‍തൃസ്ഥാനങ്ങള്‍ നിരസിച്ചും കര്‍തൃത്വങ്ങള്‍ക്കിടയിലെ ബന്ധസങ്കീര്‍ണതകള്‍ അവഗണിച്ചും മാത്രമേ അതിഭൗതികതയിലേക്കൊരു ലോകമാറ്റം സാധ്യമാവുകയുള്ളൂ. അതേപോലെ കേവലസുഖം കൊതിച്ച് മദനനെ തേടി കാട് പൂകിയെന്നു പറയുന്നത് കേവലം ന്യൂനോക്തിയാവും. വ്യക്തിപരമായ താല്‍പര്യങ്ങളല്ല ലീലയെ നയിച്ചത്. നിബിഡവനത്തില്‍നിന്നും മദനനെ ആനയിക്കുന്നതും അപ്രവചനീയമായ ഭാവാന്തരങ്ങളോടെ അയാളോട് മരണത്തില്‍ അയാളെ അനുഗമിക്കുന്നതും പഴയകാലത്തിലേക്കൊരു മടക്കം ലീലക്കസാധ്യമാണ്. കാവ്യാന്തരത്തിലെ മാധവിയുടെ പ്രസ്താവങ്ങള്‍ ലീലാമദനന്മാര്‍ക്ക് ലോകമാറ്റം നല്‍കുന്നതാണ്. പ്രണയാനന്ദത്തെ അലൗകികതയിലേക്ക് സന്നിവേശിപ്പിക്കുന്നതിന്‍െറ യുക്തി അപ്പോഴും വ്യക്തമല്ല. രതിയും വിരതിയും പ്രണയത്തിന്‍െറ സാധ്യതകളാണ്. ഇവയുടെ വ്യാമിശ്രണമാണ് ലീലാഖ്യാനത്തിലുള്ളത്. ലീല പിന്തുടര്‍ന്നത് അവളുടെ സ്വന്തം ഇച്ഛകളെയാണ്. അതിനായി സാഹചര്യങ്ങള്‍ തനിക്ക് അനുകൂലമായി ഏകോപിപ്പിക്കുകയായിരുന്നു ലീല ചെയ്തത്. ‘മാംസനിബദ്ധമല്ല രാഗ’മെന്ന പ്രസ്താവം (III. 57) ഉന്മാദിയായ മദനനെ തന്നിലേക്ക് സ്വീകരിച്ചാനയിക്കുന്ന മനോനിലയുടെ സാധൂകരണത്തിനുള്ളതാണ്. ഭര്‍തൃമരണകാലത്തെന്നപോലെ മദനസമാഗമത്തിലും ഉയര്‍ന്നേക്കാവുന്ന ആരോപണങ്ങള്‍ക്കുള്ള മറുപടി കവിപക്ഷം മുമ്പേ തയാറാക്കിയതാണെന്ന് തോന്നാം. ലീലയുടെ സ്വാഖ്യാനത്തിന്‍െറ അനുസ്യൂതിയെ തുടര്‍ന്നുള്ള ശ്ളോകങ്ങളില്‍ രചയിതാവിന്‍െറ ഇടപെടല്‍ കാണാനാവും. പ്രാണനില്ലാത്ത, ഒരു സത്താഗുണവുമില്ലാത്ത ശരീരമെന്ന വിവക്ഷ ‘മാംസ’ത്തിനുണ്ട്. വന്യമായ ലൈംഗികസൂചകമായി മാംസത്തെ സ്ഥിതപ്പെടുത്തിയത് പുരുഷനിര്‍മിതമായ കോശങ്ങളും നിഘണ്ടുക്കളുമാണ്. ലീലയില്‍ ഉന്മാദിയായ മദനനെ പ്രണയത്തോടെ സ്വീകരിക്കുന്ന കാമിനിയുടെ മനോഘടനയുടെ വ്യഞ്ജനയാണ് ‘മാംസനിബദ്ധമല്ല രാഗ’മെന്ന പ്രസ്താവം. ലീലയുടെ പ്രശ്നഭൂമികയാകെ ഇതിനനുകൂലമായി ഏകോപിപ്പിക്കാനാവില്ല. ശരീരത്തിന്‍െറ ഒരു നിലമാത്രമാണ് ‘മാംസബദ്ധത’യിലുള്ളത്. അത് ശരീരത്തിന്‍െറ ഒരേയൊരു നിലയല്ല. ആത്മവത്തയില്‍ അന്തര്‍ലീനമായ അനുഭവങ്ങളുടെയും വിചാരങ്ങളുടെയും സമവായമാണ് ശരീരം. കര്‍തൃത്വം ആവിഷ്കരിക്കാനുള്ള വാഹനമായി ഉടലിന് ആശാന്‍കവിതയില്‍ രൂപാന്തരമുണ്ടാവുന്നുണ്ട്. ‘‘യഥാര്‍ഥമായ ആത്മാവ് നമ്മുടെ വിചാരങ്ങള്‍ തന്നെ’’യെന്ന് ‘ലോകമന$പ്രതിബിംബ’(1920)മെന്ന ലേഖനത്തില്‍ എഴുതുന്നത് ‘ലീല’ പ്രസിദ്ധീകരിച്ച് ആറുവര്‍ഷങ്ങള്‍ക്കു ശേഷമാണ്. ഒപ്പം ‘ലീല’യുടെ പ്രസിദ്ധീകരണവര്‍ഷ (1914)ത്തിലാണ് ‘ചിന്താവിഷ്ടയായ സീത’ എഴുതിത്തുടങ്ങിയതെന്ന വസ്തുത ഇതോട് ചേര്‍ത്തുകാണേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള് മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.