11/11/14

ലീല ഒരു ദുരവസ്ഥ - എസ്. ശാരദക്കുട്ടി

                                         ‘‘When it comes to female psychology, my poor boy, you're stuck in the stone age’’ ( And God Created Woman)*
പു നര്‍വായിക്കപ്പെടുന്ന ഏതൊരു കൃതിക്കും ഓരോ കാലത്തോടും പുതിയതെന്തെങ്കിലും പറയാനുണ്ടാകണം.
ചരിത്രപരമായി നോക്കിയാല്‍ നൂറു വര്‍ഷമെന്നത് ഒരു ഹ്രസ്വമായ കാലയളവാണ്. സംസ്കൃതികള്‍ മാറുകയാണ്. കഴിഞ്ഞുപോയ കാലങ്ങള്‍ നമ്മില്‍നിന്ന് വളരെ അകലെയായിക്കഴിഞ്ഞിരിക്കുന്നു. ഈ കാലയളവുകൊണ്ട് മലയാളിസമൂഹം ഭൗതികമായി ആസുരമായ വേഗതയോടെ അതിശീഘ്രം മുന്നോട്ടുപോയിട്ടുണ്ട്. എന്നാല്‍, ചില പിന്തിരിപ്പന്‍നിലപാടുകള്‍ വിടാതെ പിന്തുടര്‍ന്നതുകൊണ്ട് ആന്തരികമായി നാം അപകടകരമായ ഒരു നിശ്ചലാവസ്ഥയിലാണ്. ഏറ്റവും ഉത്തരാധുനികമായിരിക്കുമ്പോള്‍തന്നെ ഏറ്റവും ഫ്യൂഡല്‍ ആയിരിക്കുക എന്നതാണ് കേരളത്തിന്‍െറ പ്രത്യേകത. ഇത് ഒരു ദാര്‍ശനിക പ്രതിസന്ധിയാണ്. സ്വതന്ത്രമായ ഒരു ഇച്ഛാശക്തി ഉണ്ടായിരിക്കെതന്നെ അങ്ങനെയൊന്ന് ഇല്ല എന്നു പറയേണ്ടിവരുന്ന അവസ്ഥ. ഒരു നൂറ്റാണ്ടു മുമ്പ് ലീല നേരിട്ട അതേ പ്രതിസന്ധി.
‘‘കരുതുവതിഹ ചെയ്യവയ്യ, ചെയ്യാന്‍
വരുതി ലഭിച്ചതില്‍നിന്നിടാ വിചാരം;’’1
നേരിട്ടുള്ള ഒരു ഇടപെടലോ ഉള്‍ച്ചേരലോ സംഭവിച്ചില്ളെങ്കില്‍പോലും സാമൂഹിക മാറ്റങ്ങളില്‍ ഉത്തമങ്ങളായ സാഹിത്യകൃതികള്‍ക്ക് നിര്‍ണായകമായ പങ്കുവഹിക്കാന്‍ കഴിയുമെന്ന വസ്തുത നിഷേധിക്കാനാവില്ല. യാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കാനുള്ള സുതാര്യമായ മാധ്യമം എന്നതിനെക്കാള്‍ യാഥാര്‍ഥ്യത്തിന്‍െറയും ബോധത്തിന്‍െറയും രൂപവത്കരണം നടക്കുന്ന ഒരു പ്രത്യയശാസ്ത്രമേഖലയായി ഭാഷയെ പരിഗണിക്കണമെന്ന സൊസൂറിന്‍െറയും മറ്റും ചിന്തകള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്. ഒരു നൂറ്റാണ്ടു തികയുന്ന ‘ലീല’യുടെ മാറിയ വായനകളുടെ കാലികപ്രസക്തിയും അപ്രസക്തിയും ചര്‍ച്ചചെയ്യപ്പെടേണ്ട സാഹചര്യവും ഇതുതന്നെയാണ്. ചില കൃതികള്‍ വായിക്കുമ്പോള്‍ അവ നമ്മെയും വായിക്കുകയാണ്. അപ്പോള്‍ കഥാപാത്രങ്ങള്‍ക്കും അവരുടെ സ്രഷ്ടാക്കളോട് ചിലതു ചോദിക്കാനുണ്ടാകും. ആ അര്‍ഥത്തില്‍ തന്‍െറ നൂറാം വര്‍ഷത്തില്‍ ലീല ആശാനെ വായിക്കുന്നതിനുള്ള ഒരു സാധ്യതകൂടി സങ്കല്‍പിക്കാന്‍ ചില അനുഭവങ്ങള്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നുണ്ട്. ലീലയുടെ ചില ചോദ്യങ്ങള്‍ക്ക് ആശാന്‍ അല്ളെങ്കില്‍ ആശാന്‍െറ വ്യാഖ്യാതാക്കള്‍ ഉത്തരം നല്‍കേണ്ടതുണ്ട്. അവബോധങ്ങളെല്ലാം പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത്, ധാര്‍മികതയും സ്വാതന്ത്ര്യവും ഇച്ഛാശക്തിയും എല്ലാം വളരെ സങ്കീര്‍ണമായി പുനര്‍നിര്‍വചിക്കപ്പെടുന്ന സാഹചര്യത്തില്‍, കഴിഞ്ഞകാല രചനകളെല്ലാം നമ്മില്‍നിന്ന് വഴുതിപ്പോകാതിരിക്കാന്‍ അങ്ങനെ ചില പരിശ്രമങ്ങള്‍ കൂടിയേതീരൂ.
ചിന്താവിഷ്ടയായ ലീല
ഒന്ന്
മനുഷ്യഹൃദയരഹസ്യം അറിഞ്ഞ താങ്കളുടെ സങ്കല്‍പത്തില്‍, ആത്യന്തികമായി സ്വന്തം ഇഷ്ടം എന്തെന്നു നിര്‍ണയിക്കാന്‍പോലും പ്രാപ്തി ഇല്ലാത്തവളാണോ സ്ത്രീ? വിലക്കുകളെയും ആചാരങ്ങളെയും ധിക്കരിക്കാനുള്ള കരുത്തില്ലാത്ത ഒരു ബലിമൃഗത്തെപ്പോലെയല്ളേ കവിതയില്‍ എന്‍െറ നിസ്സഹായത അവതരിപ്പിക്കപ്പെടുന്നത്? അധികാരരൂപങ്ങളോട് കലഹിക്കാനുള്ള എന്‍െറ ആത്മബോധത്തെ തടഞ്ഞതിലൂടെ ജീവിതത്തിന്‍െറ ചുഴലികള്‍ക്കു കീഴ്പ്പെട്ട് അനുഭവങ്ങളുടെ പരുക്കന്‍ പുതപ്പുകള്‍ക്കുള്ളില്‍ പെട്ടുപോവുകയായിരുന്നില്ളേ ഞാന്‍? എന്‍െറ പിന്‍ഗാമികളായ സ്ത്രീകളെ ഒരു പുതുലോകത്തിലേക്കു കണ്ണുതുറപ്പിക്കാനുള്ള എന്തെങ്കിലും എന്‍െറ ജീവിതത്തില്‍ അവശേഷിക്കുന്നുണ്ടോ?
രണ്ട്
പ്രകൃത്യാതന്നെ ഞാന്‍ ഒരു തന്നിഷ്ടക്കാരിയല്ളേ? ആനന്ദധാരയുടെ ഉറവ എന്നില്‍നിന്നുതന്നെ എനിക്കു കണ്ടത്തൊമെന്നിരിക്കെ, ‘അഭിജനസങ്കടദേശചര്യം’ എനിക്ക് ബാധകമാകുന്നതെങ്ങനെ? കുലസുത, മനസ്വിനി, വിനയവതി, സതി, ഗുണവതി എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ തുടരത്തുടരെ നല്‍കി കടമകളെക്കുറിച്ച് നിരന്തരം ഓര്‍മിപ്പിക്കേണ്ടതുണ്ടായിരുന്നുവോ? അങ്ങയുടെ ആത്മാംശം കോരിനിറച്ച്, എന്നെ സൃഷ്ടിക്കുമ്പോള്‍, അതിലെത്രയോ കൂടുതല്‍ സമ്പന്നവും ദൃഢവും സ്ത്രൈണവുമായ ആത്മചൈതന്യവും ശബ്ദവും എന്നിലുണ്ടെന്ന് താങ്കള്‍ തിരിച്ചറിയാതെപോയതെങ്ങനെ? വ്യവസ്ഥകള്‍ക്ക് ചലനരഹിതയാക്കാന്‍ കഴിയാത്ത ഒരു പെണ്ണായി എന്നെ രൂപപ്പെടുത്തിയിട്ട്, സാമ്പ്രദായിക മനസ്സുള്ള ഏതൊരു സാധാരണ പിതാവിനെയുംപോലെ, എന്തിന് നാട്ടാചാരമനുസരിച്ച് തലകുനിച്ച് വിവാഹപ്പന്തലിലേക്കു നീങ്ങുന്ന തരത്തില്‍ എന്നെ പരിണമിപ്പിച്ചു? ഈ വക കാര്യങ്ങളൊക്കെ സാഹിത്യത്തില്‍ പിന്നീട് എങ്ങനെയൊക്കെയാണ് വ്യാഖ്യാനിക്കപ്പെടുക എന്ന് കവിയായ താങ്കള്‍ക്ക് നിശ്ചയമില്ലാത്തതല്ലല്ളോ?
മൂന്ന്
തന്നിഷ്ടക്കാരിയായ എന്നെ അങ്ങനെതന്നെ തുടരാനും സ്വാഭിമാനത്തോടെ മരിക്കാനും അനുവദിക്കാമായിരുന്നില്ളേ? എന്നില്‍ അടിച്ചേല്‍പിക്കപ്പെട്ട ഒരു ദാമ്പത്യബന്ധത്തിനുള്ളില്‍ ഞാന്‍ സംതൃപ്തിയുടെ മുഖംമൂടി അണിഞ്ഞ് കപടജീവിതം ജീവിക്കുമെന്ന് അങ്ങ് കരുതിയതില്‍ ഒരു യുക്തിഭംഗമില്ളേ? വിവാഹശേഷം തടശിലപോലെ തരംഗലീലയില്‍ ഞാന്‍ കഴിഞ്ഞുവെന്നും, അത് എനിക്ക് എവിടെയോ ഒരു കാമുകന്‍ ഉണ്ടായിപ്പോയതുകൊണ്ടാണെന്നുമുള്ള തരംതാണ വായനകള്‍ എന്നെ എത്രയാണ് അപമാനിതയാക്കിയത്? എവിടെയാണ് ജ്വലിക്കേണ്ടതെന്നും എപ്പോഴാണ് ജ്വലിച്ചുപോവുക എന്നും എനിക്കുപോലും കൃത്യമായി പറയാന്‍ ആവില്ല എന്നിരിക്കെ നിങ്ങളെല്ലാംകൂടി കാര്യങ്ങള്‍ പറഞ്ഞുറപ്പിക്കുന്നത് കാണുമ്പോള്‍ ചിരിക്കാനാണ് തോന്നുന്നത്. പെണ്‍മനസ്സ് വായിക്കുന്ന വിഷയത്തില്‍ പുരുഷനിന്നും ശിലായുഗത്തില്‍തന്നെയാണല്ളേ? ഒരു നാളത്തിന് ജ്വലിക്കാന്‍ മാത്രമുള്ള അഗ്നിയേ ഒരു സ്ത്രീയിലുള്ളോ? ഒരു നാളത്തില്‍നിന്നുതന്നെ എത്രയോ നാളങ്ങളെ ഒരേസമയം ജ്വലിപ്പിക്കാനും ഒരു കാടിനുള്ളില്‍ എത്രയോ കാടുകളെ ഒളിപ്പിക്കാനുമുള്ള ശേഷി അതിനുണ്ടെന്നിരിക്കെ ‘‘മനസ്വിമാര്‍ മനസ്സൊരാളില്‍ ഊന്നിയാല്‍ അഴിപ്പത് അശക്യമാണെ’’2ന്നും ‘ഒരു പുമാന്‍െറയെന്നിയേ സതികള്‍ പരന്‍െറ ഗുണങ്ങള്‍ കാണുമോ’’3 എന്നും മറ്റും സാമാന്യവത്കരിച്ചത് കുറെ കടന്ന കൈയല്ളേ?
നാല്
അച്ഛനുമായി യാത്രചെയ്ത് വിവിധദേശങ്ങള്‍ കണ്ടും വിഭിന്ന മനുഷ്യരുമായി ഇടപെട്ടും ‘‘മോദവും ബോധവും’’4 ആര്‍ജിച്ചവള്‍ ആയിരുന്നില്ളേ ഞാന്‍? യാത്രകള്‍ സ്ത്രീകളെയും ഉല്‍പതിഷ്ണുക്കള്‍ ആക്കുമെന്ന് അത്രയധികം യാത്രകള്‍ചെയ്തിരുന്ന അങ്ങ് എങ്ങനെ മറന്നു? യാത്രകള്‍ നേടിത്തരുന്ന ഉള്‍ക്കാഴ്ചകളെ കുറിച്ച്, അത് ജീവിക്കുന്ന സമൂഹവുമായുള്ള പുനരുദ്ഗ്രഥനത്തെ എത്രമാത്രം സുഗമമാക്കിയിട്ടുണ്ടെന്ന്, അങ്ങയെപ്പോലെ അറിഞ്ഞവര്‍ ആരുണ്ട്? സഹജവാസനകളും ജ്ഞാനവുമുള്ള ആരെയുംപോലെ ഞാനും കൂടുതല്‍ തന്‍േറടവും പക്വതയും ആത്മജ്ഞാനവും ആര്‍ജിച്ചിരുന്നില്ളേ? ആ ഞാന്‍ നിരപരാധിയായ ഒരു പുരുഷന്‍െറ മത്തെയില്‍ കരിങ്കല്ലുപോലെ കിടക്കേണ്ടവളാകുന്നതെങ്ങനെ? തരംഗങ്ങളും കടലും നിശ്വസിക്കുന്നത് സ്ത്രീയെപ്പോലെയാണ്. മറ്റൊരാളുടെ ലീലകളല്ല അതിനു നിയാമകം. ഒരു കരിങ്കല്ലിനുമേല്‍ തരംഗലീലകള്‍ ഒരിക്കലും സാധ്യമാകില്ളെന്ന് പുരുഷനായ താങ്കള്‍ക്ക് ഞാന്‍ പറഞ്ഞുതരേണ്ടതില്ലല്ളോ. മനവും ചേതനയും വഴങ്ങാത്തിടത്ത് വിനയത്തിനു വിധേയമായ ഉടല്‍ വഴങ്ങുമെന്ന കാഴ്ചയില്‍ എന്തോ ഒരു വൈകല്യമില്ളേ? ഇതൊന്നും മനസ്സിലാക്കാന്‍ ശേഷിയില്ലാത്ത മലയാളം അധ്യാപകരും നിരൂപകരും അലൗകിക പ്രണയത്തിന്‍െറ കാവല്‍മാലാഖയെന്ന് എന്നെ വാഴ്ത്തുമ്പോള്‍ ഞാന്‍ തൊലിയുരിഞ്ഞതുപോലെ നില്‍ക്കേണ്ടിവരുമെന്ന് അങ്ങ് അറിയേണ്ടതായിരുന്നില്ളേ?
അഞ്ച്
ജനങ്ങളുടെ പൗരസ്വാതന്ത്ര്യത്തെ വിഴുങ്ങുന്ന യാഥാസ്ഥിതികതയെ ‘‘നീചമായ നിര്‍ബന്ധം’’5 എന്നല്ളേ താങ്കള്‍ ഒരിക്കല്‍ വിശേഷിപ്പിച്ചത്? ‘‘അത് എവിടെ തലപൊക്കുന്നുവോ അവിടെ പാഞ്ഞത്തെി തൊഴിക്കണം’’6 എന്നല്ളേ പ്രചരിപ്പിച്ചത്? ‘‘ഒന്നോ രണ്ടോ അടികൊണ്ട് ചാകുന്ന പാമ്പല്ല യാഥാസ്ഥിതികത്വ’’മെന്ന് താങ്കള്‍ക്ക് അറിയാമായിരുന്നു. ‘‘നൂറ്റാണ്ടുകളായി വഴിയില്‍കിടന്ന് ഇടയന്മാരില്ലാതെ മേഞ്ഞുനടന്ന ആടുകളെ വിഴുങ്ങി വലുതായ മലമ്പാമ്പുപോലെ അത് സമുദായത്തിന് ഭീഷണിയായി കഴിയുകയാണെന്നും അതിനെ നിരന്തരമായ സംഘടിത ശ്രമത്തിലൂടെ മാത്രമേ നശിപ്പിക്കാന്‍ സാധിക്കൂ’’7 എന്നും വിശ്വസിച്ച താങ്കള്‍ക്ക് മദനന്‍െറ പിറകെ രേവാനദിയിലേക്കു ചാടി സതി അനുഷ്ഠിക്കാന്‍മാത്രം ആത്മശേഷി ഇല്ലാത്ത ഒരുവളായി എന്നെ സങ്കല്‍പിക്കാന്‍ എങ്ങനെ കഴിഞ്ഞു? എന്നെ കണ്ട് ഭയന്നോടുകയായിരുന്നില്ളേ അയാള്‍? അങ്ങനെ ഒരാളുടെ പിന്നാലെ പായുന്ന ഒരുവളായി ഞാന്‍ അധ$പതിക്കുമെന്ന് അങ്ങ് കരുതിയോ? അത് എന്‍െറ മോക്ഷമായി വ്യാഖ്യാനിച്ചാല്‍ ഞാന്‍ ക്ഷമിക്കുമോ? ഒരുപക്ഷേ, പെണ്ണായ ഞാന്‍ അയാളോടു ചോദിച്ച ചോദ്യം അയാളെ ഭയപ്പെടുത്തിയിരിക്കാം.
 ‘‘വരിക, യനുഭവിക്ക, കയ്പുപോയി-
പ്പരിണതമാം ഫലമിപ്പൊഴോമനേ, നീ.’’ 8
‘കുലീന’യെന്ന് വിഖ്യാതപ്പെടുത്തിയിട്ട് എന്നെക്കൊണ്ട് അത്തരം ഒരു ചോദ്യം ചോദിപ്പിച്ചാല്‍ ഏതെങ്കിലുമൊരു പുരുഷന് അതു താങ്ങാനാകുമോ? കുലീനയോ കുലടയോ ഏതെങ്കിലും ഒന്നാകാനല്ളേ കേരളത്തില്‍ പെണ്ണിന് സാധ്യതയുള്ളൂ?
ലീലയുടെ ഈ സന്ദേഹങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.
വിവാഹത്തെയും ദാമ്പത്യത്തിനുള്ളിലെ ചടങ്ങുജീവിതത്തെയും ആഘോഷിക്കുന്ന സംഭവങ്ങളും പരസ്യങ്ങളും സുസംഘടിതമായി വിപണിയെ കീഴടക്കിയിരിക്കുന്ന കാലമാണിത്. താലിയും പുടവയുമായി ഒരു സ്ത്രീ കടന്നുചെല്ലുന്നത്, ചിരസ്ഥായിയായി നിലനില്‍ക്കേണ്ടുന്ന ഒരു പരിപാവനതയിലേക്കാണെന്ന് ഓര്‍മിപ്പിക്കുന്നതാണ് നമ്മുടെ നാട്ടില്‍ വിവാഹാലോചന മുതല്‍ തുടങ്ങുന്ന അനാചാരങ്ങള്‍. ഈ പരിപാവനത്വം നടപ്പാക്കപ്പെടുന്നത് പലപ്പോഴും സ്ത്രീയുടെമാത്രം ചാരിത്രശുദ്ധിയെ അടിസ്ഥാനപ്പെടുത്തിയാണ്. വ്യക്തിത്വമുള്ള സ്ത്രീക്ക് അവള്‍ എത്രതന്നെ സ്ത്രീഗുണങ്ങള്‍ തികഞ്ഞവളാണെങ്കിലും ഇത്തരമൊരു വ്യവസ്ഥക്കുള്ളില്‍ സംതൃപ്തയാകാന്‍ കഴിയില്ല.
ക്ഷേത്രത്തിലെ കൊടിമരത്തില്‍ താന്ത്രികവിധിയെ തെറ്റിച്ചുകൊണ്ട് കയറ്റുന്ന കൊടിക്കൂറപോലെ ലീലയുടെ സമ്മതമില്ലാതെ, അവള്‍ ഒട്ടും ഇഷ്ടപ്പെടാതെ ഒരു താലി അവളുടെ കഴുത്തില്‍ വന്നുകയറി. ‘മംഗല്യസൂചക’മായ ആ താലി അവള്‍ കാണാന്‍ ഇഷ്ടപ്പെട്ടില്ല. ചട്ടങ്ങള്‍ക്കൊത്തു ജീവിക്കുമ്പോഴും ലീലയില്‍ ചട്ടവിരുദ്ധമായ ചില ആന്തരിക ചലനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ആ ധിക്കാരത്തില്‍ ഒരു സാമൂഹിക മാറ്റത്തിന്‍െറ ശുഭസൂചന അടങ്ങിയിട്ടുമുണ്ട്. പുല്ലിംഗത്തെ സൂചിപ്പിക്കുന്ന ഉറച്ചും എഴുന്നും നില്‍ക്കുന്ന കൊടിമരവും സ്ത്രീയോനിയുടെ ആകൃതിയിലുള്ള കൊടിക്കൂറയും, താലിയും കൃത്യമായ സംവേദനശേഷിയുള്ള ലൈംഗികസൂചകങ്ങള്‍തന്നെ. ശരീരങ്ങളുടെയും മോഹങ്ങളുടെയും മേല്‍ നിശിതമായ നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്തുന്ന വ്യവസ്ഥയായി വിവാഹത്തെ കാണുന്ന കൃതിയായിക്കൂടി ‘ലീല’ വിലയിരുത്തപ്പെടേണ്ടതുണ്ട്. എന്തായാലും ഇക്കണ്ടകാലമത്രയും പ്രചരിപ്പിക്കപ്പട്ടതുപോലെ ഒരു പ്രണയകാവ്യമായല്ല ആശാന്‍ ‘ലീല’യെ സങ്കല്‍പിച്ചതെന്നു കണ്ടത്തൊനുള്ള സാധ്യതകള്‍ ‘ലീല’യില്‍ നിരവധിയുണ്ട്. അതു മാത്രമായിരുന്നു ആ കവിത മുന്നോട്ടുവെക്കുന്ന ആശയമെങ്കില്‍ ആശാന്‍ ഒരു കവിയെന്നനിലയില്‍ നിലനില്‍ക്കുമായിരുന്നില്ല.
അധികാരത്തിന്‍െറ പ്രത്യക്ഷവും പരോക്ഷവുമായ സ്വഭാവങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പ്രണയം, ദാമ്പത്യം, കുടുംബം, ലൈംഗികത എന്നിവക്കെതിരെയുള്ള ഒരു പ്രത്യക്ഷകലാപംതന്നെയാണ് ആശാന്‍ ഉദ്ദേശിച്ചിരുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, അത് പറഞ്ഞുറപ്പിക്കുമ്പോള്‍ ആശാന്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ നിരവധിയാണ്. സാമൂഹികമാറ്റത്തിന്‍െറ അവിഭാജ്യഘടകമായി ലൈംഗികതയിലെ വിപ്ളവത്തെ ആശാന്‍ കണ്ടിരുന്നു എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. പാശ്ചാത്യസംസ്കാരം ഇന്ത്യന്‍ സംസ്കാരവുമായി ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യന്‍ സംസ്കാരത്തിലെ പ്രധാന ഘടകങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്‍െറ ഫലമായുണ്ടായ ഉണര്‍വാണ് ഇന്ത്യന്‍ നവോത്ഥാന സംരംഭങ്ങളില്‍ കാണുന്നതെന്ന് സുകുമാര്‍ അഴീക്കോട്9 സൂചിപ്പിക്കുന്നുണ്ട്. ആശാന്‍െറ സാഹിത്യസങ്കല്‍പങ്ങള്‍ക്ക് പാശ്ചാത്യസാഹിത്യത്തോട് പ്രകടമായ കടപ്പാടുണ്ട്. അത് പലയിടത്തും ഭാരതീയ സങ്കല്‍പങ്ങളുമായി ഇടയുന്നു. രണ്ട് സംസ്കാരങ്ങള്‍ക്കിടയില്‍ എല്ലാകാലവും ഞെരുങ്ങുകയായിരുന്നു ആശാന്‍. സാമൂഹികപരിഷ്കര്‍ത്താവും കവിയും ദാര്‍ശനികനും ഉല്‍പതിഷ്ണുവും ആയിരുന്ന ആശാനെപ്പോലും ഇത്തരത്തില്‍ ഒരു ഭയം പിടികൂടിയിരുന്നുവെങ്കില്‍, അത് ഇന്നും മലയാളിയെ വിടാതെ പിന്തുടരുന്നുവെങ്കില്‍, ‘ലീല’ അതേ രീതിയില്‍ ഇനിയും വായിച്ചിട്ട് എന്തുകാര്യം? പുതിയ കാലത്തിന് പുതിയ ഉത്തരങ്ങളാണ് ആവശ്യം. മഹത്തായ സാഹിത്യം എന്തെന്നു വിവരിക്കുമ്പോള്‍ ഷെല്ലി പറയുന്നതുപോലെ ‘‘ഒരു വ്യക്തിയും അവരുടെ തലമുറയും അത് ഉപയോഗിച്ചുതീര്‍ക്കുമ്പോള്‍ അടുത്ത വ്യക്തിയും അടുത്ത തലമുറയും വരുന്നു. അങ്ങനെ നിരന്തരം പുതിയ സമ്പര്‍ക്കങ്ങളും വ്യാഖ്യാനങ്ങളും രൂപപ്പെടുന്നു.’’10
ആത്യന്തികമൂല്യങ്ങളെ വിഴുങ്ങാനുള്ള കഴിവ് ആശാന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ഉണ്ടായിരുന്നു. നവോത്ഥാനാശയങ്ങളുടെയും പുരോഗമനചിന്തകളുടെയും ഉണര്‍വിന്‍െറ കാലം, സ്ത്രീകളുടെ പ്രശ്നം പുരുഷന്‍െറയും പ്രശ്നമാണെന്ന്, കലയുടെയും സമുദായത്തിന്‍െറയും പ്രശ്നമാണെന്ന് സമൂഹം തിരിച്ചറിഞ്ഞ ഒരു കാലം. ലൈംഗികതയില്‍ അടിസ്ഥാനം ചെയ്യപ്പെട്ട അധികാരവിന്യാസവുമായിക്കൂടി ആ കാലത്തെ ചേര്‍ത്തുവായിക്കപ്പെടാനുള്ള സാധ്യതകളാണ് ആശാന്‍ തന്‍െറ കാവ്യങ്ങളില്‍ സജ്ജമാക്കിയിരുന്നത്. പക്ഷേ, സംസ്കാരങ്ങളുടെ ഉല്‍പന്നമായ ചില പരിമിതികള്‍ ആശാനിലും ഉണ്ടായിരുന്നു. ആ പരിമിതികള്‍ സ്വതന്ത്രസ്ത്രീയെ കുറിച്ചുള്ള അദ്ദേഹത്തിന്‍െറതന്നെ സങ്കല്‍പങ്ങളെ തോല്‍പിച്ചുകളയുന്നുമുണ്ട്. ഒരു ശരാശരി മലയാളിയുടെ സാംസ്കാരികഭീതികള്‍തന്നെയാണവ. ആശാന്‍കവിതയിലാകെ പടര്‍ന്നുകിടക്കുന്ന ആ ഭയങ്ങളെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ സ്ഫോടകവസ്തുക്കള്‍ എന്നതുപോലെ സുന്ദരമായ ദാര്‍ശനികതയില്‍പൊതിഞ്ഞ് നമ്മുടെ മലയാളം അധ്യാപകരും നിരൂപകരും തലമുറകള്‍ക്കു കൈമാറി. ലീലക്ക് ആശാന്‍ നല്‍കിയ ‘കുലീനതാ’ പരിവേഷത്തെ പൊലിപ്പിക്കുകയാണ് തങ്ങളുടെ കര്‍ത്തവ്യം എന്ന് വ്യാഖ്യാതാക്കള്‍ ഒന്നോടൊന്ന് മത്സരിച്ചു. ‘‘നാട്ടുനടപ്പുകള്‍ മൃദുലമനസ്സുകളെ അറുത്തു നശിപ്പിക്കുന്നു. മനുഷ്യനെ വികലബുദ്ധിയാക്കുന്നു. പിശാചിനെപ്പോലെ മനുഷ്യരെ നശിപ്പിക്കുന്നു.’’11 ഇതെല്ലാം കവി തന്‍െറ കവിതയിലുടനീളം അര്‍ഥാന്തരന്യാസമായും നിദര്‍ശനമായും പ്രഖ്യാപിക്കുന്നുണ്ട്. പക്ഷേ, നാട്ടുനടപ്പിനെ ഭയക്കുന്നവരാണ് കഥാപാത്രങ്ങളെല്ലാവരും.
സാഹചര്യങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠകളില്‍നിന്നാണ് ആശാന്‍െറ കൃതികള്‍ എഴുതപ്പെടുന്നത്. അക്കാലത്തിന്‍െറ സാമുദായികവും രാഷ്ട്രീയവും മന$ശാസ്ത്രപരവും ശാരീരികവുമായ പല പരിത$സ്ഥിതികളും പ്രശ്നങ്ങളും ആശാനെ ഉലച്ചിട്ടുണ്ട്. അതിനുള്ള പ്രതിവിധികളായാണ് ആ കവിതകള്‍ വിഭാവനംചെയ്യപ്പെട്ടത്. തന്‍െറ കാലത്ത് മനുഷ്യരാശി നേരിടുന്ന ഭീതികള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങളില്‍ ഒന്നായിരുന്നു ആശാന് കാവ്യരചന. ചില പ്രാതികൂല്യങ്ങളില്‍ ശരീരം കണ്ടത്തെുന്ന സ്വന്തം ആന്‍റിബോഡിപോലെ ഒരു രക്ഷാമാര്‍ഗം. അതിനായി നിലവിലുണ്ടായിരുന്ന കാവ്യരൂപത്തെപ്പോലും ആശാന്‍ മാറ്റിപ്പണിതു. മാറുന്ന കാലത്തിന്‍െറ സവിശേഷതകള്‍ മഹാകാവ്യമെന്ന സാഹിത്യരൂപത്തെ എങ്ങനെയൊക്കെ അപ്രസക്തമാക്കുന്നുണ്ടെന്ന് ആശാന്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അനുകരണം, ഗതാനുഗതികത്വം, ശബ്ദഭംഗിയിലുള്ള കമ്പം എന്നിവ വര്‍ജിച്ചാലേ കവിക്കും ഭാഷക്കും സാഹിത്യത്തിനും ഗുണംപിടിക്കൂ എന്ന് ‘ചിത്രയോഗ’ത്തിനെഴുതിയ നിരൂപണത്തില്‍ ആശാന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. ‘‘ഇതാണോ ലോകസ്വഭാവവും മനുഷ്യസ്വഭാവവും ശരിയായി അറിഞ്ഞിരിക്കേണ്ടുന്ന ഒരു കവിയുടെ കാവ്യരചനാപദ്ധതി’’12 എന്ന് വള്ളത്തോളിനെ പരിഹസിക്കുന്നുമുണ്ട്. മഹാകാവ്യങ്ങളുടെ സ്ഥാനത്ത് ഭാവകവിതകള്‍ക്കും ഖണ്ഡകാവ്യങ്ങള്‍ക്കും സവിശേഷസ്ഥാനം ഉണ്ടെന്നു കണ്ടത്തൊന്‍ ആശാന് കഴിഞ്ഞു.
മാനസികവും സാംസ്കാരികവുമായ ഒരു പുതിയ കാലാവസ്ഥക്കുവേണ്ടിയാണ് കവികളുടെ എല്ലാകാലത്തെയും പരിശ്രമങ്ങള്‍. അത്തരമൊരവസ്ഥ സൃഷ്ടിക്കാതെ ജീവിതപുരോഗതി സാധ്യമല്ളെന്നുവരുന്നു. വിപ്ളവകരങ്ങളായ ഇടപെടലുകളില്ലാതെ ചരിത്രത്തെ തിരുത്താന്‍ കഴിയില്ല എന്നുവരുന്നത് ജീവിതത്തിന്‍െറ ദ്വിമുഖസഞ്ചാരംകൊണ്ടാണെന്ന് കേസരി എഴുതിയിട്ടുണ്ട്13. തന്‍െറ അവസാനിക്കലിനെ ചെറുത്തുനില്‍ക്കാനുള്ള മാന്ത്രികമായ ഒരു ത്രാണി ആശാന്‍െറ കൃതികള്‍ക്കുണ്ട്. ഷെല്ലിയുടെ അഭിപ്രായത്തില്‍ ഓരോ മഹത്തായ കൃതിയും വരാനിരിക്കുന്ന എല്ലാ വൃക്ഷങ്ങളെയും ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന ആദ്യത്തെ വിത്താണ്.
ചാരിത്രസംരക്ഷണത്തിനായി ഉടന്തടി അനുഷ്ഠിച്ചിരുന്ന പതിവ്രതകളുടെ ചിതകളെരിയുന്ന ഭൂമിയില്‍നിന്നാണ് ലീലയെ ആശാന്‍ സൃഷ്ടിക്കുന്നത്. ആ തീരുമാനത്തിനുപിന്നില്‍ ആശാന് കൃത്യമായ ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. ഉടന്തടി പ്രയോഗത്തിന് നിന്നുകൊടുക്കാന്‍ കൂട്ടാക്കാത്ത ഒരു സ്ത്രീയെ സൃഷ്ടിക്കുക എന്നതായിരുന്നിരിക്കാം ‘നിശിതകുശാഗ്രബുദ്ധിയാള്‍’ എന്ന് കവി വിശേഷിപ്പിക്കുന്ന ലീലയില്‍ അദ്ദേഹം ഉദ്ദേശിച്ചത്. ആ തെരഞ്ഞെടുപ്പിലെ സാംഗത്യവും സാമൂഹികപ്രസക്തിയും അതുതന്നെയാണ്. പക്ഷേ, തന്‍െറ പുരുഷന്‍ എന്ന് അവള്‍ കണ്ടിരുന്ന മദനന്‍െറ പിന്നാലെ രേവാനദിയിലേക്കു ചാടി ജീവനൊടുക്കുമ്പോള്‍ ലീല ഏതു വ്യവസ്ഥയെയാണ് പിന്തുടരുന്നത്? കരുത്തോടുകൂടി ജീവിതത്തെ നേരിടുന്ന ലീലയെ അല്ളേ ആശാനില്‍നിന്നും നാം പ്രതീക്ഷിക്കുക? ആശാനിലെ ഭാരതീയപുരുഷന്‍ സതിയെന്ന പ്രാകൃതാചാരത്തെയും ഫലത്തില്‍ അംഗീകരിക്കുകയല്ളേ? ഇവിടെയാണ് ലൂയി ബുനുവലിന്‍െറ 14 ആത്മകഥയില്‍ പരാമര്‍ശിക്കുന്ന ഒരു സംഭവകഥ പ്രസക്തമാകുന്നത്. ആത്മഹത്യയെക്കുറിച്ചാണ് കഥ. ഒരു യുവതിയും യുവാവും കടുത്ത പ്രണയത്തിലാണ്. രണ്ടുപേരും നല്ല വിദ്യാഭ്യാസവും സമ്പത്തും കുലീനതയും ഉള്ളവര്‍. അവരുടെ വിവാഹത്തിന് വീട്ടുകാര്‍ക്ക് ഒരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. അങ്ങനെ അവരുടെ വിവാഹം ഉറപ്പിച്ചു. പക്ഷേ, വിവാഹത്തിനു തൊട്ടുമുമ്പുള്ള ഒരുദിവസം അവരൊരുമിച്ച് ഒരു ഹോട്ടല്‍ മുറിയില്‍ചെന്ന് ആത്മഹത്യ ചെയ്യുന്നു. എന്താണ് കാരണമെന്ന് ഒരാള്‍ക്കും മനസ്സിലായില്ല. സത്യത്തില്‍ അവര്‍ക്ക് പ്രത്യക്ഷത്തില്‍ ഒരു പ്രശ്നവും ഇല്ലായിരുന്നു. എന്നിട്ടും അവര്‍ ജീവിതം മതിയാക്കി. ഒരുപക്ഷേ, തുടര്‍ന്നുള്ള വൈവാഹികജീവിതം ഉണ്ടാക്കാന്‍ പോകുന്ന പ്രതിസന്ധികളെ കുറിച്ചുള്ള ഭയം അവര്‍ മറ്റാരെക്കാളും മുമ്പേ മനസ്സിലാക്കിയിട്ടുണ്ടാകും. ലീലയുടെ ഉടന്തടി മരണത്തെക്കാള്‍ ദാര്‍ശനികചാരുത ഈ മരണത്തിനുതന്നെയാണ്.
തങ്ങളുടെ ഉള്‍ക്കാഴ്ചയും സഹജജ്ഞാനവും ഉന്മാദവും മറ്റു വന്യതകളും ജീവിതത്തില്‍ എപ്പോഴെങ്കിലും കൈവിട്ടുപോകുമ്പോള്‍ കൊടിയ വിഷാദത്തില്‍ ചെന്നുപെടുന്ന സ്ത്രീക്കു പഠിക്കാനായി ലീല എന്തെങ്കിലും അവശേഷിപ്പിക്കുന്നുണ്ടോ? അപഹാസ്യമായ അടിമത്തത്തില്‍ സ്വയം ഇല്ലായ്മ ചെയ്തുകൊണ്ട് തങ്ങളുടെ സിദ്ധികളെ ഉപേക്ഷിക്കുന്നവരും നല്ളൊരു ഭാര്യയോ മകളോ അമ്മയോ ആകാന്‍വേണ്ടി, അതുമല്ളെങ്കില്‍ സാമൂഹികമായ മറ്റെന്തെങ്കിലും അംഗീകാരത്തിനുവേണ്ടി മാത്രം ശരിയായ നിയോഗത്തെ കണ്ടില്ളെന്നു നടിക്കുന്നവരുമായ വര്‍ത്തമാനകാലസ്ത്രീകളോട് ലീലക്ക് എന്താണ് പറയാനുള്ളത്? ‘‘സ്ത്രീയായിരിക്കുക എന്തൊരു ശാപമാണ്! എന്നാല്‍, അതിലും വലിയ ശാപം താനൊരു സ്ത്രീയാണ് എന്ന് അറിയാതെയിരിക്കുമ്പോഴാണ്’’ എന്ന് ഡാനിഷ് തത്ത്വചിന്തകന്‍ കീര്‍ക്ക്ഗോര്‍ പറഞ്ഞതാണ് സത്യം15.
‘ചിന്താവിഷ്ടയായ സീത’ എഴുതിയ ആശാന് ഒരു ബദല്‍ സ്ത്രീസങ്കല്‍പമുണ്ടായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പുതിയൊരു ദാര്‍ശനിക ബോധ്യത്തോടെ, ജാഗ്രതയോടെ സീതയെ സങ്കല്‍പിച്ച കവി എന്തുകൊണ്ടാകും ലീലയെ ഒരു സാമ്പ്രദായികമായ അന്ത്യത്തിനു വിട്ടുകൊടുത്തത്? ലീലയില്‍ ആ സ്വാതന്ത്ര്യാവബോധത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ആശാന് എന്തുകൊണ്ട് കഴിയാതെപോയി? സാഹിത്യത്തിന്‍െറ ഭാവി ഏറ്റവുമധികം ആശ്രയിച്ചുനില്‍ക്കുന്നത്, പെണ്ണിന് തന്‍െറ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കാന്‍ പുരുഷന് ഏതളവുവരെ സാധിക്കും എന്നതിനെ ആശ്രയിച്ചാണ് എന്ന് വെര്‍ജീനിയ വൂള്‍ഫ്16 പറഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ ശരിയായ സ്വാതന്ത്ര്യാവസ്ഥയില്‍ എത്തിച്ചേരേണ്ടതിനെക്കുറിച്ചുള്ള ആശാന്‍െറ സ്വപ്നങ്ങള്‍ അക്കാലത്തെ മറ്റേതു കവികള്‍ കണ്ടതിനെക്കാള്‍ വിശാലവും ദീര്‍ഘവീക്ഷണമുള്ളതും ആയിരുന്നു. പക്ഷേ, സ്വാതന്ത്ര്യത്തിന്‍െറ പരമോന്നതാവസ്ഥയില്‍ ഒരു സ്ത്രീയുടെ ആത്മാവനുഭവിക്കുന്ന അതിശ്രേഷ്ഠമായ ശാന്തിയെയും സമാധാനത്തെയുംകുറിച്ച് ചിന്തിക്കുമ്പോഴൊക്കെ ഒരു പുരുഷന്‍െറ സാന്നിധ്യം ആശാന് ഒഴിവാക്കാനാകുന്നില്ല. സ്ത്രീ, ഇഷ്ടപുരുഷന്‍െറ സാമീപ്യം ആഗ്രഹിക്കുമെന്നത് പ്രകൃതിയിലെ ഒരുപക്ഷേ ഏറ്റവും മനോഹരമായ സത്യമാകാം. തന്‍െറ ഇണയെ തേടാനുള്ള പ്രവണത ആണിലും പെണ്ണിലും സഹജമാണ്. ഏകാന്തതയെക്കുറിച്ചുള്ള ഭീതിയെ അന്യമാംസത്തില്‍ ലയിപ്പിക്കാനുള്ള വാസനയാണത്. കസന്‍ദ്സാക്കിസ് പറഞ്ഞതുപോലെ, ‘‘ഓരോരുത്തരുടെയും ചേതനയുടെ ജീവകേന്ദ്രത്തില്‍ പരസ്പരം ആശ്ളേഷിച്ചുനില്‍ക്കുന്ന ഒരു സ്ത്രീയും പുരുഷനുമുണ്ട്. അവര്‍ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്നു. ശരീരത്തെ തച്ചുടക്കുകയും നിയമങ്ങള്‍ക്കപ്പുറം പോവുകയും ചെയ്യുകയാണ്. അവര്‍ പരസ്പരം യുദ്ധംചെയ്യുന്നുമുണ്ട്’’17 എന്നാല്‍, അനുഭവത്തിന്‍െറ ഏതെങ്കിലും ഒരവസ്ഥ മാത്രമേ ആകുന്നുള്ളൂ ഇത്. ജീവിതത്തെക്കാള്‍ ഉല്‍കൃഷ്ടമായ ഒരാത്മസാന്നിധ്യം അറിയാന്‍, സ്വന്തം അസ്തിത്വത്തില്‍ ആനന്ദമൂര്‍ച്ഛ നിറക്കാന്‍ സ്ത്രീപുരുഷന്മാര്‍ക്ക് പരസ്പരാശ്രിതത്വംകൂടിയേ കഴിയൂ എന്നില്ല. പ്രശാന്തിയും ഉന്മാദവും ഒരേപോലെ ജ്വലിച്ചുനില്‍ക്കുന്ന സ്ത്രീകളാണ് ലീലയും നളിനിയും മാതംഗിയും വാസവദത്തയുമെല്ലാം. സ്വാതന്ത്ര്യത്തിന്‍െറ പരമോന്നതാവസ്ഥയില്‍ അവള്‍ക്ക് തന്‍െറ ശരീരവും ആത്മാവും പൂര്‍ണനിര്‍വൃതിയുടെ ശാന്തസമുദ്രത്തില്‍ മുങ്ങിനിവരുന്നതായി അനുഭവപ്പെടണമെങ്കില്‍ പുരുഷന്‍െറ സാമീപ്യം വേണമെന്നു ശഠിക്കുന്നതില്‍ യുക്തിരാഹിത്യമുണ്ട്. അങ്ങനെയായാല്‍ പിന്നെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരനിഷ്ടവും അവളെ ബാധിക്കില്ളെന്നാണ് ആശാന്‍െറ നായികമാര്‍ പറയുന്നത്. അചലരും അക്ഷോഭ്യരും അഭേദ്യരുമായിരുന്നു ആ സ്ത്രീകള്‍. ശാന്തിയും സമാധാനവും നിറഞ്ഞു കവിയുന്നവര്‍. സ്വാതന്ത്ര്യത്തിന്‍െറ ആത്മീയത അറിയുന്ന ഒരവസ്ഥയില്‍, തങ്ങളുടെ ശരീരത്തിനോ മനസ്സിനോ സിരകള്‍ക്കോ സ്ഥൈര്യത്തിനോ നേരിടേണ്ടിവരുന്ന ഒന്നുംതന്നെ അവരില്‍നിന്ന് സമാധാനമല്ലാതെ മറ്റൊന്നും പുറത്തുകൊണ്ടുവരുന്നില്ല. ആ തിരിച്ചറിവുള്ള സ്ത്രീകള്‍ക്ക് ഇങ്ങനെയൊരു പരിണാമം ആയിരുന്നുവോ വേണ്ടിയിരുന്നത്?
സാമൂഹികാവസ്ഥകള്‍ നൂറു വര്‍ഷത്തിനിപ്പുറം ഭയപ്പടുത്തുന്ന വിധത്തില്‍ മനുഷ്യവിരുദ്ധവും സ്ത്രീവിരുദ്ധവും ആയി തുടരുകയാണ്. വിവേകപൂര്‍ണമായ ഒരു ആനന്ദത്തിന്‍െറ പാതയിലൂടെ സഞ്ചരിക്കാന്‍ മനുഷ്യസമൂഹത്തിനൊന്നാകെ കഴിയുന്ന ഒരു കാലമാണ് ആശാനടക്കമുള്ള നവോത്ഥാന നായകരുടെ സ്വാതന്ത്ര്യസങ്കല്‍പത്തില്‍ അടങ്ങിയിരിക്കുന്നത്. വേഗത്തിലുള്ള ചുവടുകളിലൂടെ, അനായാസമായി, അചഞ്ചലമായ കാലടികളോടെ അങ്ങനെ ആര്‍ജവത്തോടെയാണ് ആശാനും ശ്രീനാരായണഗുരുവും സഹോദരന്‍ അയ്യപ്പനും ഒക്കെ അടങ്ങിയ ഒരു തലമുറ നമ്മുടെ മുന്നിലൂടെ നടന്നുപോയത്. ചുവടുകളില്‍ പൊടിപറത്താതെ, സുരക്ഷിതരായി, ആഹ്ളാദത്തോടെ, ദ്രുതഗതിയില്‍ നടക്കാന്‍ അവര്‍ പഠിപ്പിച്ച വഴികളിലൂടെ ഇന്ന് നാം അശരണരും ആത്മവിശ്വാസം നഷ്ടപ്പെട്ടവരുമായി അലയുന്നുവെങ്കില്‍ അതിന്‍െറ കാരണങ്ങളിലേക്ക് കടന്നുചെന്ന് എവിടെയാണ് നമുക്കു പിഴച്ചത് എന്ന് ആത്മപരിശോധന നടത്താതെ ‘ലീല’യുടെ നൂറാം വര്‍ഷം കടന്നുപോകാന്‍ പാടില്ല. ഏതൊക്കെ സത്യങ്ങളെയാണ് നാം വഴിയില്‍ ഉപേക്ഷിച്ചുകളഞ്ഞത്? എവിടെനിന്നൊക്കെയാണ് നമ്മള്‍ പിന്‍വാങ്ങിയത്? എവിടെയാണ് നാം ഭയന്നുപോയത്? ഇതൊന്നും ആലോചിക്കാന്‍പോലും സമയമില്ലാത്ത വിധത്തില്‍ ഏതു രാഹുവാണ് നമ്മെ ഗ്രസിച്ചിരിക്കുന്നത്?
പുരാതന റോമിലെ നിയമജ്ഞനും എഴുത്തുകാരനുമായ പ്ളിനി ഇങ്ങനെ എഴുതി. ‘‘അപ്പോഴേക്കും ബാക്കി എല്ലായിടത്തും നേരം പുലര്‍ന്നുകഴിഞ്ഞിരുന്നു. എന്നാല്‍, ഇവിടെ ഇപ്പോഴും രാത്രിയാണ്. അല്ല രാത്രിയെക്കാള്‍ കൂടുതല്‍ ഇരുട്ടാണ്.’’18
പ്രത്യേകിച്ച് ‘ലീല’ പോലെ നൂറുവര്‍ഷം എത്തിയ ഒരു കൃതിയാകുമ്പോള്‍. എത്രയോ പ്രഗല്ഭരായ വായനക്കാരിലൂടെ കടന്നുപോന്ന കൃതി. ആഘോഷിക്കപ്പെട്ട ഭാഷയുടെ വേഷപ്പകര്‍ച്ചകളെല്ലാമഴിഞ്ഞ് വീണ്ടും പ്രത്യക്ഷപ്പെടുമ്പോള്‍ പുതിയ കാലത്തിനുള്ള എന്തെങ്കിലും വെളിപാടുമായിട്ടാകണം അതു വരുക. ആദ്യകാല വായനകളുടെ ആവേശമെല്ലാമടങ്ങിയതിനുശേഷമുള്ള രണ്ടാം വായന കൂടുതല്‍ അവബോധത്തില്‍ അധിഷ്ഠിതമായ തെളിഞ്ഞ വായനക്കുള്ള സാധ്യതകള്‍ നല്‍കുന്നു. ആദ്യവായനയില്‍ ശ്രദ്ധിക്കാതെപോകുന്ന വിശദാംശങ്ങള്‍ പുനര്‍വായനകളില്‍ വെളിപ്പെടുന്നു. അപ്പോള്‍ വ്യാഖ്യാനങ്ങള്‍ മാറിയേക്കാം. ആദ്യകാലത്ത് വൈകാരികതകളില്‍ ശ്രദ്ധിച്ചിരുന്നവര്‍ പിന്നീടുള്ള വായനകളില്‍ ഭാഷയിലേക്കും ക്രാഫ്റ്റിലേക്കും ശ്രദ്ധതിരിച്ചേക്കാം. അല്ളെങ്കില്‍ നേരെ തിരിച്ച് സംഭവിക്കാം. ക്ളാസിക്കുകളുടെ വൈപുല്യവും ഉദാരതയുംനിമിത്തം പിന്നീടുള്ള വായനകളില്‍ പണ്ടില്ലാത്ത പല അര്‍ഥങ്ങള്‍കൂടി നാം കണ്ടത്തെുന്നു.
കുറിപ്പുകള്‍
* 1956ല്‍ റോജര്‍ വാദിം സംവിധാനംചെയ്ത ഫ്രഞ്ച് സിനിമ
1. കുമാരനാശാന്‍. ആശാന്‍െറ പദ്യകൃതികള്‍; ഡി.സി ബുക്സ്, കോട്ടയം, പുറം 98
2. അതേ പുസ്തകം പുറം 74
3. അതേ പുസ്തകം പുറം 76
4. അതേ പുസ്തകം പുറം 73
5. ഡോ. ടി.കെ. രവീന്ദ്രന്‍, ആശാന്‍െറ വിമര്‍ശനകല, കുമാരനാശാന്‍ സ്മാരക കമ്മിറ്റി, തോന്നക്കല്‍,1985, പുറം 173
6. അതേ പുസ്തകം, അതേ പുറം
7. അതേ പുസ്തകം, അതേ പുറം
8. കുമാരനാശാന്‍െറ പദ്യകൃതികള്‍, പുറം 99
9. ഡോ. സുകുമാര്‍ അഴീക്കോട്, മലയാളസാഹിത്യവിമര്‍ശനം, പുറം 45
10. Percy Bysshe Shelley, A Defence Of Poetry, 1840
11. കുമാരനാശാന്‍െറ പദ്യകൃതികള്‍, പുറം 79
12. കുമാരനാശാന്‍െറ ഗദ്യലേഖനങ്ങള്‍, കുമാരനാശാന്‍ സ്മാരക കമ്മിറ്റി, തോന്നക്കല്‍, 1981, പുറം 115
13. കേസരിയുടെ സാഹിത്യവിമര്‍ശനങ്ങള്‍, എസ്.പി.സി.എസ്, 1984, പുറം 53
14. Luis Bunuel, My Last Sigh, 1983
15. Soren Kierkegaard, In Vino Veritas, 1845
16. Virginia Woolf, Women And Writing (ed) Michele Barret, 1979
17. ഡോ. കെ.എം. വേണുഗോപാല്‍, വിലാപങ്ങളുടെ പുസ്തകം, ഡി.സി ബുക്സ്,1996, പുറം 38
18. The Letters of the Younger Pliny, Penguin Classics, 1963

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള് മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.